പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന ഇരുപത്തി മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ വാളയാറില്‍ അറസ്റ്റില്‍. വളാഞ്ചേരി സ്വദേശി അനൂപ്, സേലം സ്വദേശി സൂര്യ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്നവരെന്ന് അന്വേഷണസംഘം പറയുന്നു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് ശേഖരിച്ചിരുന്നത്. സേലം വഴി കോയമ്പത്തൂരിലെത്തി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുകയായിരുന്നു ലക്ഷ്യം. ഒരേ വാഹനത്തില്‍ യാത്ര ചെയ്താല്‍ സുരക്ഷിതരല്ലെന്ന് കണ്ട് ട്രെയിനിലും ബസിലുമായാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് ബസ് മാര്‍ഗം വാളയാര്‍ വഴി കേരളത്തിലേക്ക്. എക്സൈസിന്റെ പതിവ് പരിശോധനയില്‍ യുവാക്കളെ പിടികൂടുകയായിരുന്നു. ബാഗില്‍ തുണിയും നിര്‍മാണ സാധനങ്ങളുമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ക്രിസ്മസ് പുതുവല്‍സര സ്പെഷല്‍ ഡ്രൈവ് കഴിഞ്ഞതിനാല്‍ പരിശോധന കുറച്ചെന്ന് കരുതി യുവാക്കള്‍ ലഹരി കടത്താന്‍ ശ്രമിച്ചെന്നാണ് നിഗമനം. പൊതുഗതാഗതം തെരഞ്ഞെടുത്തതും ഈ സാധ്യത മുന്നില്‍ക്കണ്ടാണ്. പിടിയിലായവര്‍ നേരത്തെയും ചെറുകിടകച്ചവടക്കാര്‍ക്ക് ലഹരിയെത്തിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.