🔳വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു.
🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികള്‍ വരെയുള്ളിടങ്ങളില്‍ കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കര്‍മപദ്ധതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്.
🔳ആലപ്പൂഴയില്‍ ബിജെപി നേതാവ് രഞ്ജിത്ത് ശ്രിനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ നാലുപേര്‍കൂടി അറസ്റ്റിലായി. വലിയമരം സ്വദേശി സൈഫുദീന്‍, പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ എന്നിവരടക്കം നാലു പേരാണു പിടിയിലായത്. ഗൂഡാലോചനയ്ക്കാണു സൈഫുദീന്‍ കുടുങ്ങിയത്. സിംകാര്‍ഡ് നല്‍കിയതിനാണ് മുഹമ്മദ് ബാദുഷയ്ക്കെതിരേ കേസ്.
🔳പാര്‍ട്ടിക്കു വഴങ്ങാതെ നേതാക്കള്‍ സ്വയം ആളാകാന്‍ നോക്കിയാല്‍ നേതൃത്വം സ്വന്തം നിലയില്‍ തീരുമാനമെടുക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. സിപിഎമ്മില്‍ വിഭാഗീയത അംഗീകരിക്കില്ല. അദ്ദേഹം ഓര്‍മിപ്പിച്ചു.
🔳കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.
🔳വിപണിയില്‍ കുതിച്ചുയരുന്ന അരിവില പിടിച്ചു നിര്‍ത്താന്‍ റേഷനരി വിഹിതം വര്‍ധിപ്പിച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി. ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. പൊതുവിഭാഗത്തിന് പത്തു കിലോ അരി വീതം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
🔳പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി. ജൂണ്‍ 30 വരെയാണു കാലാവധി നീട്ടിയത്.
🔳ഒരേ നമ്പരില്‍ കാരുണ്യ ലോട്ടറിക്കു രണ്ടു ടിക്കറ്റുകള്‍. അച്ചടിയിലെ പിഴവാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ടിക്കറ്റ് അച്ചടിച്ച കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍ ഏബ്രഹാം റെന്‍.
🔳ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് പുതുവത്സര ദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ക്ലിനിക്ക് നടത്തി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തിലാണ് നില്‍പ്പ് സമരവേദിയില്‍ രോഗികളെ പരിശോധിച്ച് പ്രതിഷേധിച്ചത്.
🔳കോവളത്ത് വിദേശിയെക്കൊണ്ടു മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്നു നിര്‍ദ്ദേശിച്ചതിനാണ് വിരമിക്കാന്‍ അഞ്ചു മാസമുള്ള എസ് ഐ ഷാജിയെ ശിക്ഷിച്ചതെന്ന് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ബീച്ചിലേക്കല്ല, സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കു പോകുമ്പോഴാണ് കോവളം ജ്ഗ്ഷനില്‍ പോലീസ് നടപടിയുണ്ടായതെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ ആസ്ബര്‍ഗ് വെളിപ്പെടുത്തി.
🔳കോഴിക്കോട് ജില്ലയില്‍ വീണ്ടും ചെള്ളുപനി. വടകര സ്വദേശിയായ അന്‍പതുകാരനാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം ആകെ 20 പേര്‍ക്ക് ചെള്ളുപനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
🔳കേരള ഹൈക്കോടതിയും സ്മാര്‍ട്ടാകുന്നു. കോടതിയിലെ കേസുകള്‍ പൂര്‍ണ്ണമായും ഇ ഫയലിംഗിലേക്ക്. നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും കേരള ഹൈക്കോടതിയില്‍ സജ്ജമായി. കീഴ്കോടതികളിലും പദ്ധതി തുടങ്ങും.
🔳പി.വി. അന്‍വര്‍ എംഎല്‍എ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പു കേസിന് സിവില്‍ സ്വഭാവമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന മുന്‍ റിപ്പോര്‍ട്ട് തിരുത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശദമായി വാദം കേള്‍ക്കാന്‍ കേസ് അഞ്ചാം തിയതിയിലേക്കു കോടതി മാറ്റി.
🔳ഏഴു വയസുള്ള മകന്‍ നോക്കിനില്‍ക്കേ, കൊല്ലം കടയ്ക്കലില്‍ ഭാര്യ ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ചു. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🔳എറണാകുളം കടവന്ത്രയില്‍ അമ്മയേയും രണ്ടു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലീസ്. സാമ്പത്തിക ക്ളേശം മൂലം ഗൃഹനാഥന്‍ നാരായണന്‍ ഉറക്ക ഗുളിക നല്‍കി മയക്കിയശേഷം ഷൂലേസ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണു കൊല നടത്തിയത്. കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പോലീസിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം.
🔳പെരുമ്പാവൂരില്‍ സിനിമാ തിയേറ്ററില്‍ ജീവനക്കാരന്‍ തീകൊളുത്തി ജീവനൊടുക്കി. ഇവിഎം തിയേറ്ററില്‍ തമിഴുനാട് തിരുവണ്ണാമല സ്വദേശി മണികണ്ഠന്‍ (29) ആണു മരിച്ചത്.
🔳പുതുവത്സരാഘോഷത്തോടനുന്ധിച്ച് എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പരിശോധനയില്‍ 171 പേര്‍ കരുതല്‍ തടങ്കലിലായി. ഗുണ്ടകളും മയക്കുമരുന്ന് കടത്തുകാരും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമടക്കമുള്ളവരാണു പിടിയിലായത്. ആലുവയില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നുമാണു കൂടുതല്‍ പേരെ പിടികൂടിയത്.
🔳തിരുവനന്തപുരത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമം നടത്തിയതിനു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിലായി. വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയാണ് ശശി. ബാങ്കിന്റെ കെട്ടിടത്തിലാണ് ത്രിവേണി പ്രവര്‍ത്തിക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്ഥലമൊഴിയാത്തതിന് ശശി ത്രിവേണി സ്റ്റോറിന്റെ ഷട്ടറുകള്‍ അടച്ചു താഴിട്ടുപൂട്ടിയിരുന്നു.
🔳റോഡ് വികസനത്തിനു കണ്ണൂരില്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ അഴിമതിയെന്ന് വിജിലന്‍സ്. കണ്ണപുരം മുതല്‍ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങള്‍ മുറിച്ചതില്‍ എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. റോഡ് വികസനത്തിനായി ഇരു വശങ്ങളിലുമുള്ള 86 മരങ്ങള്‍ മുറിക്കാന്‍ അനുമതിയായെങ്കിലും മുറിച്ച മരത്തിന്റെ പണം ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടില്ല.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ആജീവനാന്തം തടവുശിക്ഷ. ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.
🔳കേരളത്തില്‍ പോലീസ് വഴിവിട്ടു സഞ്ചരിക്കുകയാണെന്നും മേലുദ്യോഗസ്ഥരെ അനുസരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലായിടത്തും ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. അദ്ദേഹം ആരോപിച്ചു.
🔳സര്‍ക്കാരിനെ നാണം കെടുത്തുന്ന നടപടികളാണു പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും സംഭവിക്കുന്നതെന്ന് സിപിഎം സമ്മേളനത്തില്‍ ആരോപണം. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
🔳ആലുവയില്‍ കടയില്‍ കയറി മധ്യവയസ്‌കന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. കടയുടമ ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് കടയില്‍ കയറി പണം ആവശ്യപ്പെട്ടത്. ശല്യം സഹിക്കാതെ കടയുടമ മധ്യവയസ്‌കനെ മര്‍ദ്ദിച്ചു. ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാരുമായി കൂട്ടത്തല്ലായി മാറി. പരിക്കേറ്റ കടയുടമയടക്കം മൂന്ന് പേരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳അഖിലേന്ത്യാതലത്തില്‍ മികച്ച ഐഎംഎ ബ്രാഞ്ച് പ്രസിഡന്റിനുള്ള ദേശീയ പുരസ്‌കാരം തൃശൂര്‍ ശാഖ പ്രസിഡന്റ് ഡോ. ജോയ് മഞ്ഞിലയ്ക്കും മികച്ച സെക്രട്ടറിക്കുള്ള ദേശീയ പുരസ്‌കാരം ഡോ. പവന്‍ മധുസൂധനനും ലഭിച്ചു.
🔳പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതിനു പൈലറ്റിനു വീഴ്ച സംഭവിച്ചതാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണമെന്ന് അന്വേഷണ സമിതി. മൂന്നു സേനകളുടെ പ്രതിനിധികള്‍ ഉള്‍പെട്ട അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുമ്പ് നിയമോപദേശത്തിനു നല്‍കി.
🔳ഹരിയാനയിലെ ബിവാനി ജില്ലയില്‍ പാറമടയിലുണ്ടായ മണ്ണിടിച്ചലില്‍ നാലു മരണം. ഇരുപതിലേറെ പേര്‍ മണ്ണിനടിയില്‍ കുടങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ഹരിദ്വാറിലെ ധര്‍മസന്‍സാദ് സംഗമത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുഖ്യസംഘാടകന്‍ യതി നരസിംഹാനന്ദനെതിരേ പോലീസ് കേസെടുത്തു. പ്രസംഗിച്ച സാഗര്‍ സിന്ധു മഹാരാജ്, സ്വാധി അന്നപൂര്‍ണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
🔳പുതുവത്സരം ആഘോഷിക്കാന്‍ മദ്യം വേണ്ട, പാല്‍ തരാമെന്നു 'രാവണന്‍'. പൂനെ സ്വദേശിയായ യുവാവ് ആരുണ്‍ ആണ് രാവണന്റെ വേഷം കെട്ടി തെരുവില്‍ പാല്‍ വിതരണം ചെയ്തത്. മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അരുണ്‍ ബോധവല്‍ക്കരണം നടത്തിയത്.
🔳പുതുവല്‍സരത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു മധുരം നല്‍കി ഇന്ത്യന്‍ സേന. തിത്വല്‍ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയിലാണ് മധുരം നല്‍കിയത്.
🔳അഫ്ഗാനിസ്ഥാന് ഇന്ത്യ അഞ്ചു ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. കോവാക്സിനാണ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അടുത്തയാഴ്ച അഞ്ചു ലക്ഷം ഡോസ് വാക്സിന്‍കൂടി കയറ്റിയയക്കും. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് മോദി സര്‍ക്കാര്‍ അഫ്ഗാനിസ്ഥാന് വാക്സിന്‍ നല്‍കുന്നത്.
🔳കോവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി ഭരണകൂടം. മാസ്‌ക് ധരിക്കാത്തതിന് ആദ്യം പിടിയിലായാല്‍ ആയിരം റിയാലാണ് ഈടാക്കുകയെന്നും സൗദി ആഭ്യന്തര മന്ത്രാലയം.
🔳ഒമിക്രോണിനു പിറകേ, ഫ്ളൊറോണ. കോവിഡും ഇന്‍ഫ്ളുവന്‍സയും ഒന്നിച്ചു വരുന്ന രോഗാവസ്ഥയാണിത്. ഇസ്രയേലില്‍ മുപ്പതുകാരി ഗര്‍ഭിണിക്കാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. യുവതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ല. രോഗമുക്തയായ യുവതി ആശുപത്രി വിടുകയും ചെയ്തു.
🔳കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കര്‍ശന നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സുകള്‍ പുതുക്കുന്നത്.
🔳ജര്‍മനിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന ആറ് ആണവനിലയങ്ങളില്‍ പകുതിയും അടച്ചുപൂട്ടി. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനത്തോടെ അടച്ചുപൂട്ടും. ആണവോര്‍ജ കമ്പനികള്‍ക്ക് മുന്നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഇവ അടച്ചുപൂട്ടിക്കുന്നത്.
🔳അറബിക്കടലിലെ ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക്. ഒമാനില്‍ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഇടിയോടുകൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടന്‍ഹാമിനും ജയം. സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചു. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പ്പിച്ചു. ജയത്തോടെ ടോട്ടനത്തിന് 18 മത്സരങ്ങളില്‍ 33 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. 20 മത്സരങ്ങളില്‍ 35 പോയിന്റുള്ള ആഴ്‌സനല്‍ നാലാമതാണ്. 21 മത്സരങ്ങളില്‍ 53 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു.
🔳കേരളത്തില്‍ ഇന്നലെ 48,658 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 134 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി. ഇതോടെ 18,904 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41.
🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,60,940 പേരും ഫ്രാന്‍സില്‍ 2,19,126 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,62,572 പേര്‍ക്കും ഇറ്റലിയില്‍ 1,41,262 പേര്‍ക്കും തുര്‍ക്കിയില്‍ 36,731 പേര്‍ക്കും അര്‍ജന്റീനയില്‍ 20,020 പേര്‍ക്കും കാനഡയില്‍ 35,567 പേര്‍ക്കും ഗ്രീസില്‍ 30,009 പേര്‍ക്കും പേര്‍ക്കും പോര്‍ച്ചുഗലില്‍ 23,290 പേര്‍ക്കും അയര്‍ലണ്ടില്‍ 23,281 പേര്‍ക്കും ആസ്ട്രേലിയയില്‍ 35,320 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.96 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,815 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 257 പേരും റഷ്യയില്‍ 847 പേരും പോളണ്ടില്‍ 505 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.56 ലക്ഷമായി.
🔳ഡിസംബര്‍ മാസത്തെ ജിഎസ്ടി പിരവില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജിഎസ്ടിയായി പിരിച്ചെടുത്തത്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജിഎസ്ടി പിരിച്ചെടുക്കാന്‍ സാധിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജിഎസ്ടിയായി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജിഎസ്ടി പിരിവ്. രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടിയും ജിഎസ്ടിയായി പിരിച്ചെടുത്തു.
🔳നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ജനുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കണം. ഓരോ ബാങ്കും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയമായ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടുകള്‍ക്കും 21 രൂപ വീതം ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, എടിഎം പിന്‍ മാറ്റല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവും ഇടപാടുകളായി തന്നെയാണ് കണക്കാക്കുക. മെട്രോ നഗരങ്ങളില്‍ സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ചും ഇതര ബാങ്ക് എടിഎമ്മുകളില്‍ മൂന്നും സൗജന്യ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ ഏത് എടിഎമ്മുകളിലും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്.
🔳ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ് പോസ്റ്ററില്‍. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമെന്നാണ് സൂചന.
🔳പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുകയാണ്. മോണ്‍സ്റ്റര്‍ എന്ന പുതിയ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നത്. ഇപോഴിതാ മോഹന്‍ലാല്‍ തന്റെ ചിത്രത്തിലെ പുതിയൊരു ലുക്ക് പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ഉദയ് കൃഷ്ണയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് 'മോണ്‍സ്റ്ററില്‍' മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന ലുക്കിന് ശേഷം ഇപോള്‍ നൃത്തം ചെയ്യുന്ന ലക്കി സിംഗിന്റെ ഫോട്ടോയാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.
🔳ഒല ഇലക്ട്രിക് അതിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എല്ലാ യൂണിറ്റുകളും ഉപഭോക്താക്കള്‍ക്ക് അയച്ചു. ഓഗസ്റ്റ് 15-ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഡെലിവറികള്‍ ആരംഭിച്ചത്. എസ്1 ന്റെ വില ഒരു ലക്ഷം രൂപയാണെങ്കില്‍, രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ (എക്‌സ് ഷോറൂം, സംസ്ഥാന സബ്‌സിഡികള്‍ക്ക് മുമ്പ്) ലഭിക്കും.
🔳കുട്ടിക്കഥകളില്‍ പിറന്ന് പിന്നീട് പ്രായദേശവര്‍ഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവര്‍ക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീര്‍ന്ന കഥാപാത്രങ്ങള്‍ക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആദ്യവര്‍ഷങ്ങളില്‍ അത് കുട്ടികളുടെ പുസ്തകമെന്ന നിലയില്‍ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാല്‍ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാന്‍ തുടങ്ങി. 'പിനോക്യോ'. കാര്‍ലോ കൊലോദി. വിവര്‍ത്തനം- അനിത തമ്പി. ഡിസി ബുക്സ്. വില 220 രൂപ.
🔳ചുമ, ക്ഷീണം, മൂക്കൊലിപ്പ്, ശരീരവേദന എന്നിങ്ങനെ നീളുന്നു കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗലക്ഷണങ്ങള്‍. എന്നാല്‍ മുന്‍വകഭേദങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമായ ചില രോഗലക്ഷണങ്ങള്‍ കൂടി ഒമിക്രോണ്‍ ബാധിതര്‍ പ്രകടിപ്പിച്ചു കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിലെ കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമോളജി പ്രഫസര്‍ ടിം സ്പെക്ടറിന്റെ അഭിപ്രായത്തില്‍ വിശപ്പ് നഷ്ടമാകുന്നതും മനംമറിച്ചിലും ഒമിക്രോണ്‍ ബാധിച്ചവരില്‍ കാണപ്പെട്ട രോഗലക്ഷണങ്ങളാണ്. ഇവ കോവിഡ് വാക്സീന്‍ എടുത്തവരിലും ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും കൂടി കാണപ്പെടുന്നു. ചിലര്‍ക്ക് ഇതിനു പുറമേ തൊണ്ടവേദന, തലവേദന, ചെറിയ ചൂട് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകുന്നു. എന്നാല്‍ മുന്‍വകഭേദങ്ങള്‍ മൂലം പലര്‍ക്കും ഉണ്ടായ മണവും രുചിയും നഷ്ടമാകല്‍ ഒമിക്രോണുമായി ബന്ധപ്പെട്ട് അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ പലതും പാരഇന്‍ഫ്ളുവന്‍സ എന്ന വൈറസിന്റേതുമായി സമാനമാണ്. രാത്രിയിലുണ്ടാകുന്ന അത്യധികമായ വിയര്‍പ്പാണ് ഒമിക്രോണ്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ര സാധാരണമല്ലാത്ത മറ്റൊരു ലക്ഷണം. അണിഞ്ഞിരിക്കുന്ന വസ്ത്രം മാറ്റേണ്ടി വരുന്ന തരത്തില്‍ രോഗി വിയര്‍ക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
കിളിക്കുഞ്ഞ് ദൈവത്തിനടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് വളരേണ്ട. എന്റെ ചിറകുകള്‍ക്ക് വലുപ്പം വെക്കേണ്ട. വലുതായാല്‍ തീറ്റ തേടിപ്പോകണം, ദൂരദേശങ്ങളിലേക്ക് പോകണം, കൂടൊരുക്കണം, മുട്ടയിടണം, കുഞ്ഞുങ്ങളെ വളര്‍ത്തണം ഇതെല്ലാം ബുദ്ധിമുട്ടാണ്. ദൈവം കിളിക്കുഞ്ഞിന്റെ ആഗ്രഹത്തിന് സമ്മതം മൂളി. ആ ജീവിതം കുറച്ചുനാള്‍ നന്നായി രസിച്ചെങ്കിലും പിന്നീടത് വിരസമാകാന്‍ തുടങ്ങി. സമപ്രായക്കാരെല്ലാം ദൂരെ നാടുകളിലേക്ക് പോയി. ജീവിതം ഉല്ലാസഭരിതമാക്കാന്‍ തുടങ്ങി. കുഞ്ഞികിളി വീണ്ടും ദൈവത്തിന്റെ അടുത്തെത്തി പറഞ്ഞു: എനിക്ക് വളരണം. പാതി വളര്‍ച്ചയെത്തുമ്പോള്‍ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയുമാണ് ഇനിയും വളരണം എന്ന തോന്നലിന് ആധാരം. അതില്‍ നിന്നുമാറി ഇതൊക്കെ മതി എന്ന ചിന്തയാണ് പിന്നീടുള്ള പ്രകടനങ്ങള്‍ താഴേക്ക് പോകുവാനും കാരണം. ആരും ആരേയും വളര്‍ത്തുന്നില്ല. സ്വയം വളരുന്നതാണ്. സഹവാസികള്‍ സാഹചര്യമൊരുക്കുന്നുവെന്ന് മാത്രം. തങ്ങള്‍ക്ക് ഇഷ്ടമുള്ള വഴികളിലൂടെയാണോ നമ്മുടെ സഞ്ചാരം എന്നതല്ല, നമുക്ക് എത്തിച്ചേരേണ്ട വഴികളിലൂടെ തന്നെയാണോ നമ്മുടെ സഞ്ചാരം എന്നാണ് പുനഃപരിശോധിക്കേണ്ടത്. ചെറിയ ലക്ഷ്യങ്ങളിലേക്ക് ഒതുങ്ങാന്‍ ശ്രമിക്കുന്നവരെ വലിയ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കാന്‍ സാധിക്കണം. എളുപ്പവഴികളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് കഠിനവഴികളിലെ സാഹസികതയുടെ സുഖം അനുഭവിപ്പിക്കാന്‍ ആകണം, സാധാരണ നേട്ടങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക്, അസാധാരണ മികവിന്റെ തിളക്കങ്ങളെ പരിചയപ്പെടുത്തണം. പൂര്‍ണ്ണ വളര്‍ച്ച എന്നത് ശരീരത്തിന് മാത്രം ബാധകമാവുന്ന ഒന്നാണ്. മനസ്സിന് ഇനിയും ബഹുദൂരം സഞ്ചരിക്കാനാകും. ശരീരം തളര്‍ന്നിട്ടും മനോബലംകൊണ്ട് മാത്രം വിസ്മയം തീര്‍ക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. സ്വയം പ്രവര്‍ത്തിക്കുന്ന തടസ്സങ്ങളാകാതിരിക്കുക എന്നതാണ് സ്വന്തം ജീവിതത്തെ ബഹുമാനിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം - ശുഭദിനം *മീഡിയ16*