*രാജ്യത്ത് 20 കടന്ന് ടിപിആര്‍; 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍*

ന്യൂഡൽഹി: മൂന്നാം തരംഗത്തിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആർ കൂടുതലാണ്.

20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,89,848 (4.89 ലക്ഷം) ആയി.
രാജ്യത്ത് രോഗകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വർധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.