കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം.

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. വെമ്പായം മേലെപള്ളിക്കൽ വീട്ടിൽ നിയാസിന്റെ ഭാര്യ ഷെഹിന(25)യാണ് ആൺകുഞ്ഞിനു ജന്മംനൽകിയത്.

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഷെഹിനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് സാധിച്ചില്ല.

ഇതിനിടെ ബന്ധുക്കളിൽ ഒരാൾ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ സഹായം അഭ്യർഥിച്ച് എത്തുമ്പോഴാണ് മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ച് മടങ്ങിവന്ന കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് കണ്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ യു.സൂര്യയെയും പൈലറ്റ് എം.അനൂപിനെയും വിവരം അറിയിച്ചു.

ആംബുലൻസിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചശേഷം ഇരുവരും നിയാസിന്റെ വീട്ടിലെത്തി. സൂര്യ നടത്തിയ പരിശോധനയിൽ ഷെഹിനയെ ആംബുലൻസിലേക്കു മാറ്റാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നു മനസ്സിലാക്കി വീട്ടിൽ വെച്ചുതന്നെ പ്രസവത്തിന് സൗകര്യം ഒരുക്കി.

പുലർച്ചെ 4.29-ന് സൂര്യയുടെ പരിചരണത്തിൽ ഷെഹിന ആൺകുഞ്ഞിനു ജന്മംനൽകി. പൊക്കിൾകൊടിബന്ധം വേർപെടുത്തി പ്രഥമശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്കു മാറ്റി.

ഉടൻതന്നെ ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

ചിത്രം:ആംബുലൻസ് ജീവനക്കാരായ അനൂപ്, സൂര്യ