എറണാകുളം : കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ 12,742 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിനിടെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചു.
കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കര്‍ശനമായ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് ഒമിക്രോണ്‍, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും, പരിശോധനകള്‍ക്കും മറ്റും ഉപയോഗിക്കുന്നതടക്കമുള്ള 108 ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചത്. ഉത്തരവ് വന്നതോടെ 316 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം അടയും. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്ത് പുറത്തിറക്കിയത്.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 12 മണിക്കൂറില്‍ നിന്ന് 24 മണിക്കൂര്‍ സേവനം ഉയര്‍ത്തിയ 159 ആംബുലന്‍സുകളുടെ സമയമാണ് വെട്ടിക്കുറച്ചത്. ഇതോടെ ആകെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 316 എണ്ണം 108 ആംബുലന്‍സുകളില്‍ 165 ആംബുലന്‍സുകളുടെ സേവനം ഇന്നലെ (12.1.'22) രാത്രി മുതല്‍ 12 മണിക്കൂറായി വെട്ടിക്കുറച്ചു. ഇവയുടെ സേവനം ഇനി മുതല്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ മാത്രമായിരിക്കും പൊതുജനത്തിന് ലഭിക്കുന്നത്.
ഇത് നിലവിലെ ഒമിക്രോണ്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആംബുലന്‍സുകള്‍ക്കും ബാധകമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിത്. ഇതിന് പിന്നാലെ രോഗബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും വിമാനത്താവളത്തില്‍ എത്തുന്ന ഒമിക്രോണ്‍/ഡെല്‍റ്റാ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതോടെ തടസപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവരുടെ ക്വാറന്‍റീന്‍ വൈകുന്നതോടെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകും. ഇത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ തന്നെ തകരാറിലാക്കാനും സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഒപ്പം കോവിഡിന്‍റെ പ്രാരംഭനാള്‍ മുതല്‍ 108 ആംബുലന്‍സില്‍ ജോലിയില്‍ പ്രവേശിച്ച നൂറോളം ഡ്രൈവര്‍മാരുടെയും നേഴ്സുമാരുടെയും തൊഴിലും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആംബുലന്‍സുകളുടെ സമയക്രമം വെട്ടിച്ചുരുക്കിയത്തോടെ ഇവര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയാണ്. ഇത് സംബന്ധിച്ച് കരാര്‍ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനി അധികൃതരോട് ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ 12 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറായി 108 ആംബുലന്‍സുകളുടെ സേവനം ഉയര്‍ത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞിരുന്ന കഴിഞ്ഞ മാസങ്ങളില്‍ പോലും 108 ആംബുലന്‍സുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കൊവിഡ് വകഭേദങ്ങളായ ഡല്‍റ്റ, ഒമിക്രോണ്‍ രോഗാണുക്കളുടെ വ്യാപനം വീണ്ടും രേഖപ്പെടുത്തിയ ഈ സമയത്ത് തന്നെ 108 ആംബുലന്‍സുകളുടെ സേവനം 12 മണിക്കൂറായി കുറച്ചത് കൊവിഡ് പ്രതിരോധത്തെ തന്നെ തകിടം മറിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് 108 ആംബുലന്‍സുകളുടെ സമയക്രം 12 മണിക്കൂറാക്കി നിജപ്പെടുത്തിയതെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.