തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന KSRTC തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എസ് ഹരീഷ്കുമാർ അന്തരിച്ചു.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന KSRTC തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എസ് ഹരീഷ്കുമാർ അന്തരിച്ചു. 39 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം രാവൂർകോണം കാർത്തികയിൽ എസ് സുബ്ബയ്യന്റെയും സി വിജയകുമാരിയുടെയും മകനാണ്. ധന്യ ആർ നായരാണ് ഭാര്യ. 10 വയസ്സുള്ള ആദിദേവ്കൃഷ്ണയും രണ്ടു വയസ്സുകാരി ആദിലക്ഷ്മിയുമാണ് മക്കൾ . തമിഴ്നാട് പോലീസെത്തി തുടർനടപടികൾക്ക് ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.    കഴിഞ്ഞ മാസം 25 ന് പുലർച്ചെ മൂന്നിന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ഹരീഷ് ഓടിച്ചിരുന്ന KSRTC ബസ്സും ലോറിയുമായി അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിനടുത്ത ബൊമ്മ സാന്ദ്ര എന്ന സ്ഥലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. KSRTC യും , ജീവനക്കാരും , സുഹ്റുത്തുക്കളും നന്നായി സഹായിച്ച് ചികിത്സ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റോഡ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു....... കുറെനാൾ മുൻപ് ഹരീഷുമായി ബന്ധപ്പെട്ടു ജനശ്രദ്ധയാകർഷിച്ച വാർത്ത പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും മൈസൂറിലേക്ക് തിരിച്ച സ്കാനിയ ബസ്സ് രാത്രി ഒന്നരക്ക് ചാലക്കുടി പോട്ട പനമ്പിള്ളിനഗർ സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു യാത്രക്കാരിയെ അവിടെ ഇറക്കേണ്ടിയിരുന്നു. വിജനമായ സ്ഥലത്ത് യുവതി ഇറങ്ങിയപ്പോൾ കൂട്ടിക്കൊണ്ടുപോകാനായി എത്തേണ്ട ഭർത്താവ് എത്തിയിരുന്നില്ല. ഇത് മനസ്സിലായ ബസ്സിലെ ജീവനക്കാരനായ ഹരീഷ് ഭർത്താവ് എത്തുന്നതുവരെ ബസ്സ് പാർക്ക് ചെയ്തു കാവൽ നിന്നു. ഭർത്താവെത്തി യാത്രക്കാരിയെ സുരക്ഷിതമായി ഏൽപിച്ച ശേഷമേ ഹരീഷും ബസ്സും യാത്രയായുള്ളു. മറ്റൊരിക്കൽ ഇതേപോലെ ചവറയിൽവച്ചും ഹരീഷിന്റെ മനുഷ്യത്വം പുറത്തുവന്നിരുന്നു. താമസിച്ചുപോയ സഹോദരൻ എത്തുന്നതുവരെ സഹപ്രവർത്തകനായ സി എസ് പ്രാകാശുമൊത്ത് യാത്രക്കാരിക്ക് സംരക്ഷണം നൽകിയിട്ടുണ്ട്. എല്ലാപേർക്കും പ്രീയപ്പെട്ടവനായ ഹരീഷ്കുമാറിന്റെ വേർപാടിൽ ഒരു നാടും നാട്ടുകാരും , കെ എസ് ആർ ടി സി യിലെ സഹജീവനക്കാരും കേഴുകയാണ്.