ആധുനികവും, കാലികവുമായ മുഖം IFFK ഫെസ്റ്റിവലിന്റെ ഓരോ മേഖലയിലും കൊണ്ടുവന്നതിൽ പ്രമുഖനായിരുന്നു അനൂപ് രാമകൃഷ്ണൻ . സ്ക്രീനിംഗ് ഷെഡ്യൂൾ, ഫെസ്റ്റിവൽ കാറ്റലോഗ്, ഫെസ്റ്റിവൽ ബാഗ്, ഡെലിഗേറ്റ് കാർഡ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു .
മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് ജേതാവായിരുന്നു. ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി വിത്ത് ഫോക്കസ് ഓണ്‍ 90 ഇയേഴ്സ് ഓഫ് മലയാളം മൂവീസ്’ എന്ന വിഷയത്തിലാണ് അനൂപ് ചലച്ചിത്ര അക്കാദമിയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചത്. 90 വര്‍ഷത്തെ മലയാള സിനിമാ ശീര്‍ഷകങ്ങളുടെ രൂപകല്‍പ്പനയുടെ ചരിത്രപരമായ പരിണാമത്തെ സമഗ്രമായി രേഖപ്പെടുത്തുന്ന പ്രബന്ധത്തിന്‍െറ പുസ്തകരൂപം ഉടന്‍ പ്രസിദ്ധീകരിക്കും.
പ്രമുഖ വിഷ്വൽ ഡിസൈനറും മലയാള മനോരമ മുൻ ഡിസൈൻ കോ-ഓർഡിനേറ്ററുമായ പാവങ്ങാട് സരോവരത്തിൽ അനൂപ് രാമകൃഷ്ണൻ തിങ്കൾ രാവിലെയാണ് അന്തരിച്ചത്. പത്ര രൂപകല്പനയിലും ടൈപ്പോഗ്രഫിയിലും ആധുനിക സങ്കേതങ്ങൾ പരീക്ഷിച്ച അനൂപ് മൾട്ടിമീഡിയ രംഗത്തും വിദഗ്ധനായിരുന്നു.
മീഡിയ, ബ്രാൻഡിംഗ് രംഗത്ത് ദീർഘ കാലത്തെ അനുഭവ പരിചയമുള്ള അനൂപ് ഗ്രാഫിക്സ് ഡിസൈനിങ്ങിൽ പുതുമയാർന്ന പരീക്ഷണങ്ങൾ നടത്തി. മനോരമ ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച, അനൂപ് എഡിറ്റ് ചെയ്ത "എം ടി അനുഭവങ്ങളുടെ പുസ്തകം" എം ടി വാസുദേവൻ നായരുടെ എഴുത്തു ജീവിതത്തെയും ചലച്ചിത്ര സപര്യയെയും സമഗ്രമായി അടയാളപ്പെടുത്തുന്നതാണ്.
എം ടിയുടെ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കി "എം ടിയുടെ ലോകം", മലയാള ഭാഷ പ്രചാരണത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ "എൻ്റെ മലയാളം" എന്നീ സിഡി റോമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണികേഷൻ്റെ യുവ പ്രതിഭ പുരസ്‌കാരം, യു എസ് ആസ്ഥാനമായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈനിൻ്റെ (SND) ഇന്ത്യ ചാപ്റ്റർ നൽകുന്ന ബെസ്ററ് ഓഫ് ഇന്ത്യൻ ന്യൂസ് ഡിസൈൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.