സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം കാരണം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചു. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
*വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ*
ചലച്ചിത്ര നടൻ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നടനാണ് അദ്ദേഹം.1954 ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്‌കൂളിൽ പഠിച്ചിരുന്നു.
97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വർഷം പിന്നിട്ടിരിക്കുന്നു. കളികൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ്
ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും. സിനിമയിൽ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു. 'പത്മശ്രീ' തുടങ്ങിയപുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രമുള്ള കലാകാരനാണ്.
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ
1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. തുടർന്ന് പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.
എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു. 2005മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011 14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.