കടയ്ക്കാവൂർ : എസ്.ഡി.പി.ഐ. പ്രാദേശിക നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായി. എസ്.ഡി.പി.ഐ. കുളമുട്ടം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന സുധീറിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയത്. സംഭവത്തിൽ അഞ്ചുപേരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റു ചെയ്തത്. കുളമുട്ടം സ്വദേശി ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണത്ത് താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളാകത്ത് താമസിക്കുന്ന ജയിംസ് (ഉണ്ണി-30), ആലങ്കോട് ചെഞ്ചേരികോണം സ്വദേശി അരുൺകുമാർ (33), കല്ലറ ഹൈസ്കൂളിനുസമീപം താമസിക്കുന്ന വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ മണമ്പൂർ ഗ്രാമപ്പഞ്ചായത്തോഫീസിനു മുന്നിൽനിന്നാണ് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സുധീറിനെഡൽഹി രജിസ്ട്രഷൻ ബി എം ഡബ്ലിയു കാറിൽ തട്ടിക്കൊണ്ടുപോയത്. സുധീറിനെ ആയുധങ്ങളുപയോഗിച്ച് കാറിലിട്ട് മർദിച്ച് അവശനാക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻതന്നെ പ്രതികളുടെ കാർ പിന്തുടർന്ന് ഒരുമണിക്കൂറിനകം സാഹസികമായി കടയ്ക്കാവൂർ പോലീസ് പെരുങ്കുളത്തുവെച്ച് പ്രതികളെ സഹസികമായി പിടികൂടുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി ഗിരീഷ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. മറ്റുള്ളവർ കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലെയും പ്രതികളാണ്. വർക്കല ഡിവൈ.എസ്.പി. നിയാസ്, കടയ്ക്കാവൂർ എസ്.എച്ച്.ഒ. വി.അജേഷ്, എസ്.ഐ. ദീപു തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.