*തീർഥാടനപദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിലേക്ക്*

ശിവഗിരി: എൺപത്തിയൊമ്പതാമത് ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കാൻ വിവിധപദയാത്രകൾ ശിവഗിരിയിലേക്ക് പ്രയാണം തുടങ്ങി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പദയാത്രകളും പ്രയാണങ്ങളും 29-ന് വൈകീട്ട് ശിവഗിരിയിലെത്തും.

തീർഥാടനനഗരിയിൽ ഉയർത്താനുള്ള ധർമപതാക, ഗുരുദേവൻ ശിവഗിരി തീർഥാടനത്തിന് അനുമതിനൽകിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽനിന്നു കൊണ്ടുവരും. കോട്ടയം എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിലാണ് ഇത് കൊണ്ടുവരുന്നത്.

ധർമപതാക ഉയർത്താനുള്ള കൊടിക്കയർ പദയാത്ര കളവംകോട് ശക്തീശ്വരക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു.

ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. തീർഥാടനവേദിയിൽ ജ്വലിപ്പിക്കാനുള്ള ദിവ്യജ്യോതിസ്സ് പ്രയാണം തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽനിന്ന് ഞായറാഴ്ച ആരംഭിച്ചു. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിന്റെയും കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്റെയും സഹകരണത്തോടെയാണ് പ്രയാണം ആരംഭിച്ചത്.

ശിവഗിരി തീർഥാടനവേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ പഞ്ചലോഹവിഗ്രഹം വഹിച്ചുള്ള രഥയാത്ര തീർഥാടനത്തിന് തുടക്കംകുറിച്ച ഇലവുംതിട്ട മൂലൂർ വസതിയിൽനിന്ന് 28-ന് ആരംഭിക്കും.

ശിവഗിരി തീർഥാടനഘോഷയാത്രയിൽ വഹിക്കാനുള്ള ധർമപതാകകൾ സേവനം, യു.എ.ഇ., ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ, കുവൈത്ത്‌ സാരഥി എന്നിവിടങ്ങളിൽനിന്നു കൊണ്ടുവരും. തീർഥാടനദിവസം മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമയിൽ ചാർത്താനുള്ള വസ്ത്രം ശ്രീനാരായണഗുരു സൊസൈറ്റി ശ്രീലങ്കയിൽനിന്നു കൊണ്ടുവരും.

പ്രധാന പദയാത്രകൾ കൂടാതെ നാടിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഒട്ടേറെ പദയാത്രകൾ ശിവഗിരിയിലെത്തും. അണിചേർന്ന് ആയിരക്കണക്കിന് ഭക്തരുമെത്തും.

പദയാത്രകളും പ്രയാണങ്ങളും കടന്നുപോകുന്ന സ്ഥലങ്ങളിൽ ശ്രീനാരായണപ്രസ്ഥാനങ്ങളും വിവിധ സംഘടനകളും വരവേല്പുനൽകും.

29-ന് വൈകീട്ട് ശിവഗിരിയിൽ എത്തിച്ചേരുന്ന പദയാത്രകളെ സന്ന്യാസിമാർ സ്വീകരിച്ച് മഹാസമാധിയിലേക്ക് ആനയിക്കും.