തിരുവനന്തപുരം : പോത്തൻകോട് സുധീഷിനെ കൊല്ലാനായി അക്രമികൾക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരൻ. ലഹരി ഇടപാടിലെ തർക്കവും മുൻ അക്രമങ്ങളിലെ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മൂന്ന് പേരല്ലാതെ മുഖ്യ പ്രതികളെ കണ്ടെത്താൻ പൊലീസിനായില്ല. വധശ്രമക്കേസില്‍ പൊലീസിന്റെയും എതിരാളികളുടെയും കണ്ണുവെട്ടിച്ച് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ കോളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷ് കൊല്ലപ്പെടുന്നത്. സുധീഷിന്റെ ഒളിവിടം പ്രതികള്‍ക്ക് ഒറ്റിക്കൊടുത്തത് ഭാര്യാ സഹോദരനായ ശ്യാമാണ്. ലഹരി ഇടപാടിലെ തർക്കത്തിൽ ശ്യാമിനെ സുധീഷ് നേരത്തെ മർദിച്ചതിലുള്ള പ്രതികാരമായിട്ടാണ് ഒളിവിടം ഫോണിലൂടെ പ്രതികളെ അറിയിച്ചത്. ഇതോടെ മുഖ്യപ്രതികളായ ആറ്റിങ്ങൽ സ്വദേശി സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിന് പകരം വീട്ടുകയായിരുന്നു ലക്ഷ്യം. ശ്യാമടക്കം പതിനൊന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിക്കൊന്നതും കാല് വെട്ടിയെറിഞ്ഞതും.
കൊല നടന്ന രണ്ട് ദിവസം പിന്നിടുമ്പോഴും മൂന്ന് പേര്‍ മാത്രമാണ് പിടിയിലായത്. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറൽ മേഖലയിലെ പൊലീസ് ഒന്നടങ്കം തിരഞ്ഞിട്ടും ഗുണ്ടാപ്പട്ടികയിൽ പെട്ട പ്രതികളെ പിടിക്കാന്‍ വൈകുന്നത് നാണക്കേടാവുകയാണ്. എന്നാല്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ പൊലീസ് അവരുടെ ഫോട്ടോയും പുറത്തുവിട്ടു. വിവിധ സ്റ്റേഷനുകളിലായി ഇവരെ സഹായിച്ചവരടക്കം ഒട്ടേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്.