അഞ്ചുതെങ്ങ് കായലിൽ വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന രണ്ട് കടവുകളിൽ ഒന്നാണ് ഇറങ്ങ് കടവ്. പൊതുമരാമത്ത് വകുപ്പാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. വളരെ കാലമായി അഞ്ചുതെങ്ങ് പഞ്ചായത്തിനാണ് കടത്തുവള്ളത്തിന്റെ ചുമതല. വള്ളം തുഴയുന്നതിനായി രണ്ടു ജീവനക്കാരെ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഇവർ രണ്ടുപേരും കടത്തിൽ വരാതെ വള്ളം തുഴയാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു.
വക്കത്തുള്ള അനവധി സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, മറ്റനവധി വ്യാപാര ശാലകൾ, വിദ്യാലയങ്ങൾ, പൊതുമാർക്കറ്റ് എന്നിവയിൽ പോകുന്നതിന് അഞ്ചുതെങ്ങ് നിവാസികൾ ഇറങ്ങ് കായിക്കര കടവ് വഴി വക്കത്തെത്തുകയാണ് പതിവ്. കടത്തുവള്ളം പ്രവർത്തനരഹിതമായതോടെ ഇരു പഞ്ചായത്തുകളിലുമുള്ള നല്ലൊരു വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം വളരെ വലുതാണ്.
അഞ്ചുതെങ്ങ് നിവാസികൾ കടയ്ക്കാവൂർ വഴി കിലോമീറ്ററുകളോളം ചുറ്റിവേണം വക്കത്തെത്താൻ. അതുപോലെ വക്കം നിവാസികൾ അഞ്ചുതെങ്ങിൽ എത്തുന്നതിനും കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ പരാതികൾ പലതും കൊടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും കടത്തുവള്ളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കടത്തു വള്ളത്തിന്റെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കാൻ പഞ്ചായത്ത് ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം