പി.ജി. ഡോക്ടർമാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ പി.ജി. ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒ.പി., വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചുള്ള സമരവും നിർത്തി. തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉറപ്പു ലഭിച്ചെന്ന് പി.ജി. ഡോക്ടർമാർ അറിയിച്ചു. ഇന്നുമുതൽ ഡ്യൂട്ടിയിൽ കയറുമെന്നും ഡോക്ടർമാർ അറിയിച്ചു.

പതിനാറു ദിവസമായി തുടർന്നുവന്ന സമരമാണ് പി.ജി. ഡോക്ടർമാർ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. ഒ.പി., വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചായിരുന്നു ആദ്യദിവസങ്ങളിൽ സമരം. തുടർന്ന് സമരത്തിന്റെ അവസാനത്തെ ആറുദിവസം അത്യാഹിത വാർഡിലെ ഡ്യൂട്ടിയും ഇവർ ബഹിഷ്കരിച്ചിരുന്നു.

“ബുധനാഴ്ച, ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമുണ്ടായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ സമരം പി.ജി. ഡോക്ടർമാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി വ്യാഴാഴ്ച പി.ജി. ഡോക്ടർമാരുടെ ചർച്ച നടത്തി. സ്റ്റെപ്പന്റ് വർധന വിഷയത്തിൽ പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി പി.ജി. ഡോക്ടർമാർ പറഞ്ഞു. കൂടാതെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പി.ജി. ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.