കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 178 പ്രകാരം പൊതു വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സ്ഥലം ലഭിക്കുവാൻ പഞ്ചായത്ത് ലാൻഡ് അക്വിസിഷൻ നിയമപ്രകാരമുള്ള മാർഗങ്ങളിലൂടെ മാത്രമേ സ്ഥലം ഏറ്റെടുക്കാവൂ. അങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ഉടമയ്ക്ക് കൊടുക്കേണ്ടതുമു ണ്ട്. സൗജന്യ ഭൂമി വിട്ടൊഴിയൽ നിയമപ്രകാരവും പഞ്ചായത്തിന് ഭൂമി സ്വന്തമാക്കാവുന്നതാണ്.
മാത്രവുമല്ല കേരള പഞ്ചായത്ത് രാജ് ആക്ട് അക്വിസിഷൻ ആൻഡ് ഡിസ്പോസൽ ഓഫ് പ്രോപ്പർട്ടി, റൂൾ 3 പ്രകാരം പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നിലവിലുള്ള ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമോ, പ്രൈവറ്റ് പർചേസ് അല്ലെങ്കിൽ ഭൂമി വിറ്റൊഴിയൽ നിയമപ്രകാരമോ മാത്രമേ നടത്താവൂ. അങ്ങനെ ഏറ്റെടുക്കുന്ന ഭൂമിക്ക് യാതൊരുവിധ ബാധ്യതകളും ഉണ്ടായിരിക്കരുതെന്നും നിയമം അനുശാസിക്കുന്നു.
ഏതെങ്കിലും തരത്തിൽ പഞ്ചായത്തിന്റെ ഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമാണെങ്കിൽ അത് തിരിച്ചു പിടിക്കുവാനുള്ള പ്രാരംഭ നടപടിയായി കേരള സർവെയ്സ് ആൻഡ് ബൗണ്ടറീസ് ആക്ട് സെക്ഷൻ 4A പ്രകാരം സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് അളന്നു തിരിച്ചു കിട്ടുവാൻ സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്തിനു അധികാരമുള്ളതാണ്.