ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ്; ഏകോപന ചുമതല മനോജ് എബ്രഹാമിന്

തിരുവനന്തപുരം:സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും.

ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്.