റഷ്യയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി പരിശോധന നടത്താതെ പോയ ഒരാൾക്ക് കോവിഡ്

കൊച്ചി: റഷ്യയില്‍ നിന്നും മടങ്ങിയെത്തി കൊച്ചി വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താതെ വിട്ടയച്ച യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം സ്വദേശിയായ ഇയാള്‍ നവംബര്‍ 28 നാണ് ഇയാള്‍  വിമാനമിറങ്ങിയത്. റഷ്യയില്‍ അവധിക്കാലം ആസ്വദിച്ചശേഷമാണ് ഇയാള്‍ അടക്കമുള്ള 24 അംഗ മലയാളി സംഘം കൊച്ചിയിലെത്തിയത്.

വിദേശരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കണമെന്നും, ഒരാഴ്ച നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നെത്തിയ സംഘത്തിലെ 20 പേരെ ആര്‍ടിപിസിആര്‍ പരിശോധന നടത്താതെ വിട്ടയക്കുകയായിരുന്നു. നിര്‍ബന്ധിത ക്വാറന്റീനും നിര്‍ദേശിച്ചിരുന്നില്ല. ഇവരിലൊരാള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ നിന്നെത്തിയ സംഘത്തില്‍ നാലുപേര്‍ മാത്രമാണ് കൊച്ചി വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായത്. ഇപ്പോല്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക്, റഷ്യന്‍ യാത്രയുടെ അവസാന വേളയില്‍ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടിരുന്നു. 30 പേരടങ്ങുന്ന സംഘം വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ മുര്‍മാന്‍സ്‌ക് നഗരത്തില്‍ വെച്ച്‌ നവംബര്‍ 25 ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റിന് പിന്നാലെ സംഘം മോസ്‌കോയിലേക്ക് തിരിച്ചു. അന്നു രാത്രി സംഘം മോസ്‌കോയില്‍ തങ്ങി.

പിറ്റേന്നാണ് ഇവരുടെ ആര്‍ടിപിസിആര്‍ ഫലം ലഭിക്കുന്നത്. ഇതിനിടെ സംഘം ഷാര്‍ജ വഴി കേരളത്തിലേക്ക് പോരുകയായിരുന്നു. ഷാര്‍ജയില്‍ ഇവര്‍ രണ്ടു മണിക്കൂറോളം തങ്ങി. മുര്‍മാന്‍സ്‌കില്‍ നിന്നും മൂന്നു മണിക്കൂറാണ് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്ക് വേണ്ടത്. അന്നു രാത്രി മോസ്‌കോയില്‍ തങ്ങി. പിറ്റേന്ന് തിരക്കേറിയ മോസ്‌കോ വിമാനത്താവളത്തില്‍ നാലു മണിക്കൂറോളമാണ് സംഘം തങ്ങിയത്.