പുതുതായി കിളിമാനൂർ ടൗണിൽ നിർമ്മാണം പൂർത്തിയാക്കിയ കൊച്ചുപാലം മുതൽ പുതിയകാവ് വരെയുള്ള റോഡിന്റെ ബിഎംബിസി ടാറിംഗ് ശനിയാഴ്ച നടത്തിയേക്കും. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന നിർത്താതെയുള്ള മഴയാണ് നിലവിൽ ടാറിംഗിന് വിഘാതമായി നിലകൊള്ളുന്നത്. പാലത്തിന്റെ നിർമ്മാണവും ബല പരിശോധനയും പൂർത്തിയായെങ്കിലും മഴമൂലം റോഡിന്റെ ടാറിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. മഴമാറി നിന്ന സമയത്ത് ടാർ ചെയ്യാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചെങ്കിലും വീണ്ടും മഴ വില്ലനായതോടെ ടാറിംഗ് താൽകാലികമായി മാറ്റിവെച്ചു. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ വരുന്ന ആഴ്ചയോടെ പാലം അടക്കം ഒരു കിലോമീറ്റർ റോഡും ടാറിംഗ് പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.