പത്തനംതിട്ട ...തിരുവല്ല∙ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാർ (32) ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. നെടുമ്പ്രം ഭാഗത്തുനിന്നു മേപ്രാലിലെ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി 3 ബൈക്കുകളിലായി എത്തിയ 5 അംഗ സംഘമാണ് കൊലപതാകം നടത്തിയത്.
ചാത്തങ്കരിമുക്കിന് സമീപം എത്തിയപ്പോൾ സന്ദീപിന്റെ ബൈക്കിനു കുറുകെ തടസ്സം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നു. ചവിട്ടി വെള്ളക്കെട്ടിലേക്ക് വീഴ്ത്തിയ ശേഷം വടിവാളുകൊണ്ടു വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, പ്രതികൾ ബിജെപി– ആർഎസ്എസ് പ്രവർത്തകരാണെന്നും രണ്ടുപേരെ തിരിച്ചറിഞ്ഞതായും സിപിഎം പ്രവർത്തകർ പറയുന്നു. സുനിതയാണ് സന്ദീപ് കുമാറിന്റെ ഭാര്യ. 2 വയസ്സും 6 മാസവും പ്രായമായ 2 മക്കളുണ്ട്.