*ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ ഭീതിയോടെ അഞ്ചുതെങ്ങ് സ്വദേശിനി*

ഒരു വീടെന്ന സ്വപ്നവുമായി അധികാരികളുടെ മുന്നിൽ കയറിയിറങ്ങി കാലുതേഞ്ഞിട്ടും നടപടി ഇല്ലാതായതോടെ ഒറ്റയ്ക്ക് താമസിക്കുന്ന അഞ്ചുതെങ്ങ് സ്വദേശിനിയായ അവിവാഹിതയായ അറുപത്തിമൂന്നുകാരിയുടെ ജീവിതം സങ്കടക്കടലിൽ.

അഞ്ചുതെങ്ങ് പഞ്ചായത്ത് പുത്തൻമണ്ണ് ലക്ഷം വീട്ടിൽ പ്രസന്നയാണ് ചുമരുകൾ വിണ്ടുകീറി ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ ഭീതിയോടെ കഴിയുന്നത്. വർഷങ്ങളായി ഒറ്റയ്ക്കാണ് ഇവർ ഇവിടെ കഴിയുന്നത്.പറയത്തക്ക ബന്ധുക്കളാരും തന്നെയില്ല. ചെറുപ്പത്തിൽ തൊണ്ട് തല്ലാനും കയർ പിരിക്കാനും മറ്റും പോയാണ് ഉപജീവനം നടത്തിവന്നത്. അസുഖങ്ങൾ പിടിമുറുക്കിയതോടെ ഇപ്പോൾ അതിനും സാധിക്കാത്ത അവസ്ഥയാണ്.

അവിവാഹിതകൾക്ക് ലഭിക്കുന്ന 1600 രൂപ പ്രതിമാസ പെൻഷനും സൗജന്യ റേഷനും കൊണ്ടാണ് ജീവിതം ഒരുവിധം തള്ളിനീക്കുന്നത്. ഇതിനിടെയാണ് കാലപ്പഴക്കം കൊണ്ട് വീടിനു കേടുപാടുകൾ സംഭവിച്ചത്. കഴുക്കോലുകൾ ദ്രവിച്ചു ഓടുകൾ പലതും ഇളകിവീണു. മഴ പെയ്താൽ വീടിനകത്തു ഇരിക്കാനാകാത്ത അവസ്ഥയാണിപ്പോൾ.മഴസമയത്ത് അയൽവീടുകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്.

എന്നാൽ കൊവിഡ് വ്യാപനത്തോടെ ഇതും സാധിക്കാത്ത അവസ്ഥയാണ്.ഇതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ ഭീതിയോടെ കഴിച്ചുകൂട്ടുകയാണ് പ്രസന്ന.ഒരു വീടിനു വേണ്ടി പഞ്ചായത്തിൽ നിരവധി തവണ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ് ഇവർ കണ്ണീരോടെ പറയുന്നത്. ഇക്കാര്യത്തിൽ ഇനി സുമനസുകളുടെ കനിവ് മാത്രമാണ് ഇവരുടെ പ്രതീക്ഷ.

പ്രസന്നയുടെ പേരിൽ എസ്.ബി.ഐ കടയ്ക്കാവൂർ ശാഖയിലുള്ള അക്കൗണ്ട് നമ്പർ: 670 884 97230. ഐ.എഫ്.എസ്.സി കോഡ്: SBIN0070038