ജസ്റ്റിസ് നാനാവതി അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു.86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വേഷിച്ചത് ജസ്റ്റിസ് നാനാവതി കമ്മീഷനാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍. 2002ല്‍ ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെപ്പും തുടര്‍ന്നുണ്ടായ ഗുജറാത്ത്​ കലാപവും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ്​ അക്ഷയ്​ മേഹ്​ത്തക്കൊപ്പമായിരുന്നു.

1935ല്‍ ജനിച്ച നാനാവതി 1958 ഫെബ്രുവരിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1994ല്‍ ഒഡീഷ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. ഒന്‍പത് മാസത്തിന് ശേഷം കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 1995 മാര്‍ച്ച്‌ ആറിന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജി ആയി നിയമിച്ചു. 2000 ഫെബ്രുവരി 16നാണ് നാനാവതി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്.