കടപത്രം എന്നാൽ എന്ത്..


കമ്പനി നിയമപ്രകാരം ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി വായ്പ എടുക്കുന്നതിനുള്ള സംവിധാനമാണ് കടപത്രം.

കടപത്രം ഇറക്കുന്നതിലൂടെ ഓഹരിമൂലധനം വർധിപ്പിക്കാതെ തന്നെ കടപത്രമിറക്കി കമ്പനിക്ക് ആവശ്യമായ ധനം നേടാം.
അതായത്, കമ്പനിക്ക് പണം ആവശ്യമായി വരുമ്പോൾ ഒരു തുക നിശ്ചയിച്ച് അതിനെ നിശ്ചിത വിലയ്ക്കുള്ള കടപ്പത്രങ്ങളായി വിഭജിച്ച് അവ വിറ്റ് പണം ശേഖരിക്കുന്നു.

കടപ്പത്രം വങ്ങാൻ താത്പര്യമുള്ള വ്യക്തിക്ക് ഇഷ്ടമുള്ളത്രയും യൂണിറ്റുകൾ വാങ്ങാവുന്നതാണ്. ഇന്ത്യയിൽ കമ്പനിനിയമം രണ്ടാം വകുപ്പിൽ  കടപ്പത്രത്തെ നിർ‌‌വചിച്ചിട്ടുണ്ട്.

കടപ്പത്രമിറക്കി വായ്പ നേടുമ്പോൾ കടപ്പത്രമുടമയോടുള്ള ബാദ്ധ്യത കമ്പനി സ്വയം അംഗീകരിച്ച് സക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് കടപ്പത്രം.

👉🏻കടപ്പത്രങ്ങൾ ഏതൊക്കെ.

▪️കമ്പനികളുടെ ആസ്തികളുടെ ഈടിന്മേൽ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളെ സം‌‌രക്ഷിത കടപ്പത്രങ്ങൾ (secured debentures) എന്നു പറയുന്നു.

▪️യാതൊരുറപ്പും കൂടാതെ പുറപ്പെടുവിക്കുന്നവയെ അരക്ഷിത കടപ്പത്രങ്ങൾ (unsecured debentures) എന്ന് പറയുന്നു.

നിർദ്ദിഷ്ട തിയതിക്ക് മുതലും പൽശയും കൊടുക്കാൻ കമ്പനിക്കു കഴിയാതെ വന്നാൽ ഈടു നൽകിയ സ്വത്തു വിൽക്കാൻ സം‌‌രക്ഷിത കടപ്പത്രമുടമയ്ക്ക് അവകാശമുണ്ടായിരിക്കും, സം‌‌രക്ഷിത കടപ്പത്രത്തെ പണയ കടപ്പത്രമെന്നും പറയാറുണ്ട്.

പണയ കടപ്പത്രത്തെ സ്ഥിരബാദ്ധ്യതാ കടപ്പത്രമെന്നും പൊതുബാദ്ധ്യതാ കടപ്പത്രമെന്നും രണ്ടായി തരം തിരിക്കാം. കമ്പനിയുടെ ഒരു പ്രത്യേക സ്വത്തിനത്തിൽ മാത്രം പണയ ബാദ്ധ്യതയുള്ളതാണ് സ്ഥിരബാദ്ധ്യതാ കടപ്പത്രങ്ങൾ.

കമ്പനിയുടെ മറ്റു സ്വത്തുക്കളിന്മേൽ സ്ഥിരബാദ്ധ്യതാ കടപ്പത്രമുടമകൾക്ക് അവകാശമുണ്ടായിരിക്കുകയില്ല. നിശ്ചിത സ്വത്തിന്മേൽ സ്ഥിരപ്പെടുത്താത്ത ബാദ്ധ്യതയുള്ള കടപ്പത്രങ്ങളാണ് പൊതുബാദ്ധ്യതാ കടപ്പത്രങ്ങൾ.

ഇത്തരം കടപ്പത്രങ്ങൾക്ക് കമ്പനികളുടെ എല്ലാ ആസ്തികളിന്മേലും പണയാവകാശമുണ്ട്.