മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു

ന്യൂഡൽഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ (67) അന്തരിച്ചു. കൊവിഡ് അനുബന്ധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകള്‍ മല്ലിക ദുവയാണ് മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.കൊവിഡാനന്തര അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന ദുവയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 42 വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ.

ദൂരദര്‍ശനിലും എന്‍ഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ വിനോദ് ദുവ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ പത്മശ്രീ നേടിയ വിനോദ് ദുവ 1996ല്‍ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. 2017ല്‍ മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരിയും ഹാസ്യതാരവുമായ മല്ലിക ദുവ, ഡോ.ബക്കുല്‍ ദുവ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോധിയില്‍ നടക്കും.