*ആറ്റിങ്ങൽ പിങ്ക് പോലീസ് വിവാദം; കുട്ടിക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം അറിയിക്കണമെന്ന് കോടതി*

കൊച്ചി• മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയായ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പൊലീസ് പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ പൊലീസുകാരിക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് ഹൈക്കോടതിയോട് സർക്കാർ. എങ്കിൽ പ്രശ്നം വഷളാകുമെന്നു കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കോടതിയും സർക്കാരും തമ്മിലുള്ള നാടകീയ വാദപ്രതിവാദം.കുട്ടിക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം അറിയിക്കണമെന്നു കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോയെന്നു കുട്ടിയുടെ അഭിഭാഷകയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. പൊലീസുകാരിയുടേത് നിരുപാധിക മാപ്പ് അപേക്ഷയെന്നും ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞ് അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽനിന്നും നീതി ലഭിക്കാത്തതിനാൽ മാപ്പ് അംഗീകരിക്കില്ലെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. ഇതോടെ വീണ്ടും സർക്കാരിനെതിരെ കോടതി വിമർശനം ഉയർത്തി.സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നും എന്തുകൊണ്ടാണ് ഇനിയും അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും ചോദിച്ചു. സർക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നു പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ സമയത്താണ് നടപടി എടുക്കാൻ സാധിക്കില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ചു കോടതി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നതെന്നു കുറ്റപ്പെടുത്തി. സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്ന മുൻ ഉത്തരവ് കോടതി ആവർത്തിച്ചു. സ്ഥലംമാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതുതന്നെ ആവര്‍ത്തിച്ചാല്‍ എന്തു ചെയ്യുമെന്നും ചോദിച്ചു.കേസ് പരിഗണിച്ചപ്പോൾ കുട്ടിക്കു കൗൺസിലിങ് നൽകിയ ഡോക്ടർ വിഡിയോ കോൺഫറൻസിൽ ഹാജരായി. നിലവിൽ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തിങ്കളാഴ്ച കോടതി വിധി പറയും.