*അറിവിന്റെ പുസ്തക താളിൽ ഇടം നേടിയ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങളുമായി സിപിഎം പ്രാദേശിക നേതൃത്വം*

ആറ്റിങ്ങൽ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരത്തിന് അർഹയായ നാലു വയസുകാരി അക്ഷയ സുമേഷിന് അഭിനന്ദനം അറിയിക്കാനാണ് സിപിഎം ഏരിയ സെന്റെർ അംഗവും മുൻ നഗരസഭ അധ്യക്ഷനുമായ എം.പ്രദീപിന്റെ നേതൃത്വത്തിൽ തച്ചൂർകുന്ന് ബ്രാഞ്ച് അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തിയത്. അക്ഷരങ്ങൾ കൂട്ടിവായിക്കേണ്ട പ്രായത്തിൽ അറിവിന്റെ പടവുകൾ ചവിട്ടി കയറി ദേശീയ ബഹുമതിക്ക് അർഹമായ ഈ കൊച്ചുമിടുക്കി നാടിന്റെ നാളെയുടെ വാഗ്ദാനമാണ്. ചുരുങ്ങിയ സമയ പരിമിധിക്കുള്ളിൽ നിന്നു കൊണ്ട് പൊതു വിജ്ഞാന ശ്രേണിയിലെ വ്യത്യസ്തങ്ങളായ നൂറോളം ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയതിനാണ് അക്ഷയയെ ഈ അംഗീകാരത്തിന് പ്രപ്തയാക്കിയത്. വീട്ടിലെത്തിയ പ്രവർത്തകർ പൊന്നാട അണിയിച്ച് കുട്ടിയെ ആദരിച്ച ശേഷം കുടുംബാംഗങ്ങളോടൊപ്പം മധുരം പങ്കിട്ടു. തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ് ജിനീഷ ദമ്പതികളുടെ ഏക മകളാണ് അക്ഷയ.

നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ബ്രാഞ്ച് സെക്രട്ടറി റ്റി.റ്റി.ഷാജി, അംഗങ്ങളായ ശ്രീധരൻ നായർ, പ്രസാദ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.