*ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു


*ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്  ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു.   
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, അല്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് ബിപിൻ റാവത്തിന് ഉണ്ടാവുക. രാജ്യത്തിന്‍റെ  ആദ്യത്തെ സംയുക്ത സൈനിക മേധാവി. എന്നാൽ, അപ്രതീക്ഷിതമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ കറുത്ത പാടായി മാറിയിരിക്കുകയാണ്.
മാർച്ച് 16, 1958 ന് ഉത്തരാഖണ്ഡിലെ ഒരു രജപുത്ര കുടുംബത്തിൽ ജനിച്ച റാവത്തിന്‍റെ മുഴുവൻ പേര് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് എന്നാണ്. സൈനിക പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്‍റെത്. അദ്ദേഹത്തിന്‍റെ  പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ലഫ്റ്റനന്റ് ജനറൽ പദവിയിൽ ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ടിച്ചിരുന്നു.
കേംബ്രിയൻ സ്കൂൾ ഡെറാഡൂൺ, സെന്റ് എഡ്വേർഡ് സ്കൂൾ, ഷിംല എന്നിവിടങ്ങളിൽ ആദ്യകാല പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന്‍റെ തുടർ വിദ്യാഭ്യാസം സൈനിക സ്കൂളിലായിരുന്നു. ബിരുദങ്ങളുടെ നീണ്ട നിരയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഡിഫൻസ് സ്റ്റഡീസിൽ എംഫിൽ പൂർത്തിയാക്കിയിട്ടുണ്ട്. 1978 ഡിസംബർ 16 നാണ് ഔദ്യോഗികമായി സൈന്യത്തിന്‍റെ ഭാഗമാവുന്നത്. അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പാത പിന്തുടർന്ന് 11 ഗൂർഖ റൈഫിൾസിന്‍റെ അഞ്ചാമത്തെ ബറ്റാലിയനിലായിരുന്നു സൈനിക ജീവിതത്തിന്‍റെ തുടക്കം. അക്കാദമിയിൽ ‘സ്വോഡ് ഓഫ് ഓണർ’ ബഹുമതിയും ലഭിച്ചിട്ടുണ്ട്....
ഉയർച്ചയുടെ പടികൾ ഒന്നൊന്നായി പിന്നിട്ട അദ്ദേഹം ഭാരതീയ കരസേനയുടെ കരുത്തുറ്റ മേധാവിയായി. ഡിസംബർ 31, 2016 നാണ് അദ്ദേഹം 27ാമത് കരസേന മേധാവിയായി ചുമതലയേൽക്കുന്നത്‌. 31 December 2019-ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചു. 2016 ൽ കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേൽക്കുമ്പോൾ, ഒരു വിവാദവും ആളിക്കത്തിയിരുന്നു. രണ്ട് മുതിർന്ന ലെഫ്റ്റനന്റ് ജനറൽമാരെ മറികടന്നായിരുന്നു ബിപിൻ റാവത്തിനെ ചീഫ് ഓഫ് ആർമി ആയി നിയോ​ഗിച്ചത്. കരസേനാ മേധാവിയായതിന് ശേഷം അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. 2019 ഡിസംബർ 30-ന്, ഇന്ത്യയിലെ ആദ്യത്തെ CDS ആയി അദ്ദേഹം നിയമിതനായി, 2020 ജനുവരി 1 നാണ് അദ്ദേഹം ചുമതലയേറ്റത്.
1987 ചൈന-ഇന്ത്യ യുദ്ധം, കോംഗോയിലെ യുഎൻ മിഷൻ, 2015 മ്യാൻമർ ആക്രമണങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്‍റെ  സൈനിക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ്. കരസേനാ മേധാവി എന്ന നിലയിൽ നിരവധി രാജ്യങ്ങളിൽ ഉഭയകക്ഷി സന്ദർശനങ്ങളും ബിപിൻ റാവത്ത് നടത്തിയിട്ടുണ്ട്. 40 വർഷത്തിലേറെ നീണ്ട തന്‍റെ  സൈനിക ജീവിതത്തിൽ പരം വിശിഷ്ട സേവാ മെഡൽ , ഉത്തം യുദ്ധ സേവാ മെഡൽ , അതിവിശിഷ്‌ട് സേവാ മെഡൽ , യുദ്ധസേവാ മെഡൽ , സേനാ മെഡൽ , വിശിഷ്ട സേവാ മെഡൽ എന്നിങ്ങനെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
65 വയസ്സാണ് സംയുക്ത സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം. ബിപിൻ റാവത്തിനെ സംബന്ധിച്ച് ആ പ്രായത്തിലേക്കെത്താൻ ഇനിയും ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് ഊട്ടിയ്ക്കടുത്ത് വച്ചുണ്ടായ ഹെലികോപ്റ്റർ അപകടം, രാജ്യത്തെ  ഏറ്റവും സുപ്രധാന ഉദ്യോ​ഗസ്ഥരിൽ ഒരാളുടെ ജീവൻ കവർന്നെടുത്തത്.