പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ പെരുമാറ്റ വൈകല്യങ്ങളും ദുശ്ശീലങ്ങളുടെയും വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന പദ്ധതിയാണ്
‘സഹിതം’ പദ്ധതി.
ഓരോ അധ്യാപകനും 30 വിദ്യാർഥികളുടെ മെന്ററായി മാറും. 1– 7 ക്ലാസ് വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. വിദ്യാർഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ മറികടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയുമാണ് പ്രധാന ചുമതല.
ലോക്ഡൗൺ മൂലം വീടുകളിൽ തന്നെ കഴിഞ്ഞ കുട്ടികളുടെ മാനസികസമ്മർദം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പദ്ധതി ഉടൻ തുടങ്ങുന്നത്.
വീടുകളിൽ പോയി കുടുംബസാഹചര്യങ്ങൾ കൂടി പഠിച്ച് ഓരോ വിദ്യാർഥിയുടെയും ഡിജിറ്റൽ വ്യക്തി വിവരരേഖ തയാറാക്കി കൈറ്റ് വെബ്സൈറ്റിലെ ‘സഹിതം’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇത് അതതു സമയങ്ങളിൽ പുതുക്കി കുട്ടികളുടെ സമഗ്ര വ്യക്തിവികസന രേഖയാക്കി മാറ്റണം.
പെരുമാറ്റ വൈകല്യങ്ങൾ, ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകണം. ആവശ്യമെങ്കിൽ വിദഗ്ധ സഹായം ലഭ്യമാക്കണം. ക്ലാസ് മുറിക്കു പുറത്ത് കുട്ടികളുമായി വ്യക്തിബന്ധം വർധിപ്പിക്കാൻ യാത്രകളും പാഠ്യേതര പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.
ജില്ലാതലത്തിൽ ഡിഡിഇമാരുടെ നേതൃത്വത്തിൽ മോണിറ്ററിങ് സമിതിയുണ്ടാകും. എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസവകുപ്പ് ഒരു ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തും. ആഴ്ചയിലൊരിക്കൽ ഇവർ സ്കൂളുകൾ സന്ദർശിച്ച് പദ്ധതി പുരോഗതി വിലയിരുത്തണം.