ഫൈസല്‍, ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ പോത്തന്‍കോട് പൊലീസിന് കൈമാറി.
തിരുവനന്തപുരം പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തിലാണ് പ്രതികളില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം - കൊല്ലം പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയിലായത്.
കൊല്ലം കരുനാഗപ്പള്ളി ബസ് സ്റ്റാന്‍റിന് സമീപത്തുള്ള സിറ്റി പ്ളാസ ലോഡ്ജിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. പ്രതികളെ അര്‍ദ്ധ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകള്‍ക്കും നേരെയാണ് രണ്ടു ദിവസം മുന്‍പ് പോത്തന്‍കോട് വച്ച് ആക്രമണമുണ്ടായത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ഷായുടെ മുഖത്തടിക്കുകയും പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചിരുന്നു.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.