അമിത വേഗവും മറികടക്കലും നിർബാധം നടക്കുന്നതായാണ് പൊലീസ് വിലയിരുത്തുന്നത്. പൊലീസ് റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ അപകടങ്ങൾ ഇവിടെ നടക്കുന്നതായി യാത്രക്കാർ പറയുന്നു. ആഴാംകോണം മുതൽ പൂവൻപാറവരെ നാലുവരി പാത നിർമിക്കാൻ അധികൃതർ തയാറാകണം എന്ന ആവശ്യവും ശക്തമാണ്. പൂവൻപാറ പാലം മുതൽ തോട്ടക്കാട് പാലം വരെയുള്ള ദേശീയപാത നവീകരണത്തിന് 7.17 കോടി അനുവദിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി ജനം രംഗത്ത് എത്തുന്നത്.
ഒരു വർഷം മുൻപാണ് രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന 5 പേർ മരിച്ചത്. മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ഡ്രൈവർ ഒഴികെ ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അമിത വേഗത്തിൽ വന്ന കാർ കൊടും വളവിൽ പോലും ബ്രേക്ക് ചെയ്തതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടില്ലെന്നും കണ്ടെത്തി.
നിയമപാലകർ അധികം ശ്രദ്ധിക്കാത്ത വിജനമായ മേഖല ആയതിനാൽ നിയമ ലംഘനങ്ങളുടെ പരമ്പര ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായാണ് പഠനങ്ങളും ആവർത്തിക്കുന്ന അപകടങ്ങളും തെളിയിക്കുന്നത്. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ ഇല്ല. രാത്രി വെളിച്ചം പോലുമില്ല എന്ന ആക്ഷേപവും ശക്തമാണ്. റോഡിലെ വരകൾക്ക് പലരും പുല്ലു വില കൽപിക്കുന്നത് കൊണ്ടാണ് അപകടങ്ങൾ പെരുകാൻ കാരണം എന്നാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
തോട്ടക്കാട് മേഖലയിൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ മറക്കുന്ന മൺതിട്ടകൾ മാറ്റി റോഡിന് വീതികൂട്ടണമെന്നും രാത്രിയിലെ വെളിച്ചത്തിന്റെ കുറവ് പരിഹരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ദേശീയപാത വിഭാഗത്തിന് നിർദേശം നൽകിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. പ്രദേശത്ത് വാഹനങ്ങളുടെ വേഗ പരിധി 50 കിലോമീറ്ററായി രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കാനും നിർദേശിച്ചിരുന്നു. ഇപ്പോഴും നിയമലംഘനങ്ങളും അപകടങ്ങളും തുടരുന്നു. നിയമങ്ങൾ ഇനിയും നടപ്പായിട്ടില്ല.