വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയില്‍. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ ജയന്തിയാണ് (24) മരിച്ചത്. മകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിനേഴി കുറ്റാനശ്ശേരിയിലെ വീട്ടിൽ പാതിജീവൻ നഷ്ടപ്പെട്ട് പിടഞ്ഞ രണ്ടരവയസ്സുകാരനെ രക്ഷിച്ചത് കല്ലേക്കാട് എ.ആർ. ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനായ സി.പ്രജോഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലാണ്. സാരി മുറുകിയിരുന്നത് കുഞ്ഞിന്റെ താടിയെല്ലിലാണെന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെയിറക്കാനും അതിവേഗം പ്രഥമശുശ്രൂഷ നൽകാനും വഴിയൊരുക്കിയത്.
അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ ഒരാൾപ്പൊക്കത്തിൽ സാരിയിൽ കെട്ടിത്തൂങ്ങിയാടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന യുവതിയെയും കണ്ട് പതറാതെ ധൈര്യം പുറത്തെടുക്കുകയായിരുന്നു പ്രജോഷ്. കുഞ്ഞിനെ നിലത്തുകിടത്തിയശേഷമായിരുന്നു കൃത്രിമശ്വാസോച്ഛ്വാസം ഉൾപ്പെടെ പ്രഥമശ്രശ്രൂഷകൾ നൽകിയത്. മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കൺമിഴിച്ചു താമസിയാതെ കരയാനും തുടങ്ങി. എന്നാൽ, അമ്മ ജയന്തി ഇതിനോടകം മരിച്ചിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
#keralapolice