കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആർ. ക്യാംപിലെ പോലീസുദ്യോഗസ്ഥൻ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നൽകി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.”ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്കുമൊപ്പമായിരുന്നു മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ, മകൾ ജീവനൊടുക്കാനിടയായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ നാരായണൻ പോലീസിൽ പരാതി നൽകി.