*രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുറ്റാലം വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു.*

കോവിഡിനെ തുടർന്നാണ് കുറ്റാലം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അടച്ചത്. 
പ്രവേശനം അനുവദിച്ചതോടെ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
തെങ്കാശിയിലുള്ള  കുറ്റാലം ജലപാതത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്. സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. ഇതിനോടൊപ്പം സമീപത്തുള്ള ഐന്തരുവി വെള്ളച്ചാട്ടത്തിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
രണ്ടുജലപാതങ്ങളിലും മുൻപ് രാത്രി ഉൾപ്പെടെ മുഴുവൻ സമയവും കുളിക്കാനുള്ള അനുമതിയുണ്ടായിരുന്നു. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ജീവനക്കാരെ ജലപാതത്തിനരികിൽ നിയമിച്ചിട്ടുണ്ട്.
തിരക്ക് കൂടുകയാണെങ്കിൽ ഇവർ പ്രത്യേക ക്രമീകരണം നടത്തും. നിലവിൽ ജലപാതത്തിൽ വെള്ളം കുറഞ്ഞുതുടങ്ങി. സാധാരണ കുറ്റാലം ജലപാതത്തിൽ ആളുകളെത്തുന്നമുറയ്ക്ക് രാത്രി ഉൾപ്പെടെ തെങ്കാശിയിൽ വൻതിരക്ക് അനുഭവപ്പെടാറുണ്ട്.
കേരളത്തിലെ മഴയോടൊപ്പം ജൂണിൽ കുറ്റാലം സീസൺ ആരംഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. തമിഴ്നാട്ടിലെ പ്രധാന ജലപാതമായതിനാൽ സീസണിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് കുറ്റാലത്ത് എത്തുന്നത്. സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതോടെ പൂട്ടിക്കിടക്കുന്ന ഭക്ഷണശാലകളുംമറ്റും സജീവമായി. ആര്യങ്കാവ് പാലരുവിയിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.