ബാലുശ്ശേരി- പെണ്ണ് കാണാനെത്തിയ കൊല്ലം സ്വദേശിയായ യുവാവ് പോലിസ് സ്‌റ്റേഷൻ ആക്രമണ കേസിൽ പിടിയിലായി. ബാലുശേരി റസ്റ്റ് ഹൗസിൽ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത കൊല്ലം കടക്കൽ പുലിപ്പാറ അർജുൻ (23) ആണ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയത്. ബുധനാഴ്ചയാണ് അർജുൻ സഹോദരനും സുഹൃത്തിനുമൊപ്പം ബാലുശ്ശേരി തേനാക്കുഴിയിൽ പെണ്ണു കാണാനെത്തിയത്. രാത്രി ഇവർ റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
റസ്റ്റ് ഹൗസിൽ വെച്ച് കുടുംബ കാര്യങ്ങളെ ചൊല്ലി സഹോദരനുമായി വാക്കുതർക്കമുണ്ടായി. രാത്രി ബഹളം കേട്ട് എത്തിയ റസ്റ്റ് ഹൗസ് സെക്യൂരിറ്റി ജീവനക്കാരനെ അർജുൻ മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി സ്ഥലത്തെത്തി പ്രതിയെ സ്‌റ്റേഷനിലെത്തിച്ചു. റസ്റ്റ് ഹൗസിൽ അതിക്രമം നടത്തിയതിനു പുലർച്ചെ 1.15ന് കേസ് എടുത്തു. കേസ് റജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്‌റ്റേഷനിൽ വച്ച് അക്രമാസക്തനായ പ്രതി പൊലിസ് ഉദ്യോഗസ്ഥരെ അടിക്കുകയും വലിയ തോതിൽ നാശം വരുത്തുകയും ചെയ്തു. ജനൽ ചില്ലും കംപ്യൂട്ടറും തകർത്ത പ്രതി ഫയലുകൾ വാരിവലിച്ചിട്ടു.
സ്‌റ്റേഷനിൽ ഏതാനും പൊലിസ് ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ ഒരു പൊലിസുദ്യോഗസ്ഥന്റെ കരണത്തടിക്കുന്നതും യൂനിഫോം വലിച്ചു കീറുന്നതും സി.സി ടി.വിയിൽ വ്യക്തമാണ്. വൈദ്യ പരിശോധനക്കുശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.