പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു,അത്യാഹിത വിഭാഗങ്ങളില്‍ ജോലിക്ക് കയറും

തിരുവനന്തപുരം:പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു.ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്. കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പിജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. എന്നാല്‍, ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സമരം ഭാഗികമായി പിന്‍വലിക്കാന്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ തീരുമാനിച്ചത്.

പിജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നത്.

പിജി ഡോക്ടര്‍മാരുടെ പണിമുടക്കിനെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റുന്ന സാഹചര്യമുണ്ടായിരുന്നു. കൂടാതെ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ക്കും ഒപിയിലെത്തുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടായി. സീനിയര്‍ ഡോക്ടര്‍ മാത്രമാണ് ഒപികളിലും വാര്‍ഡുകളിലും രോഗീപരിചരണം നടത്തുന്നത്.