ആറ്റിങ്ങൽ: ബാലസംഘം ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ്, ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പുരസ്കാരം വിതരണം ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ നൂറിലധികം കുട്ടിളാണ് ഇരു മത്സരങ്ങളിലും പങ്കെടുത്തത്. മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾ പുരസ്കാരത്തിന് അർഹരായി. കൂടാതെ ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് പുതിയ അധ്യയന വർഷത്തിൽ നിംബസ് ട്യൂഷൻ സെന്റെർ 1 വർഷത്തെ സൗജന്യ പഠനവും ലഭ്യമാക്കും. ഇതിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 100 ശതമാനം, രണ്ടാം സ്ഥാനം ലഭിച്ചവർക്ക് 50 ശതമാനം, മൂന്നു മുതൽ അഞ്ച് സ്ഥാനത്തിന് അർഹരായവർക്ക് 25 ശതമാനം വരെയും പഠന ചിലവിൽ കിഴിവ് നൽകുമെന്നും സ്ഥാപന മേധാവി അറിയിച്ചു. ഈ പുരോഗമന പ്രസ്ഥാനം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാകായിക പരിപാടികളിലൂടെ നിരവധി യുവ പ്രതിഭകളെയാണ് നാടിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ളത്.
പരവൂർകോണം എൽപി സ്കൂളിൽ വച്ച് നടന്ന ശാസ്ത്രോത്സവം പരിപാടിയിൽ പഞ്ചമം സുരേഷ് അധ്യക്ഷനായി. മേഖലാ കമ്മിറ്റി രക്ഷാധികാരികളായ എം.പ്രദീപ്, എം.മുരളി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സി.ചന്ദ്രബോസ് സ്വാഗതവും, കൺവീനർ സാബു നന്ദിയും അറിയിച്ചു.