*വെട്ട് കേസിലെ പ്രതി തൂങ്ങി മരിച്ചു. മൃതദേഹം അഴുകിയ നിലയിൽ*

കിളിമാനൂർ..വെട്ട് കേസിലെ പ്രതിയും തെങ്ങ് കയറ്റ തൊഴിലാളി യുമായ അടയമൺ, ഷെഡിൽക്കട, ശാലു ഭവനിൽ ബിനു (45)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഭാര്യയുമായി പിണങ്ങി തട്ടത്തുമല ,പറണ്ടക്കുഴിയിൽ താമസിക്കുകയായിരുന്നു ബിനു എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പറണ്ടക്കുഴിയിലുള്ള വീടിന് സമീപത്തെ റബ്ബർ മരത്തിൽ ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ റബ്ബർ പണിക്കായി എത്തിയ തൊഴിലാളികൾ പ്രദേശത്തെ ദുർഗന്ധം കാരണം നടത്തിയ പരിശോധനയിലാണ് ബിനുവിനെ മരത്തിന് മുകൾ ഭാഗത്തായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റുകയായിരുന്നു. മൃത് ദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കം ഉള്ള തായി പൊലീസ് അറിയിച്ചു. ഈ മാസം പതിനാറാം തീയതി വൈകുന്നേരം സുഹൃത്തും ബന്ധുവും കൂടിയായ ഷിനുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി കൂടിയാണ് മരിച്ച ബിനു. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ബിനു ഒളിവിലായിരുന്നു. സംഭംവം നടന്ന ശേഷം ബിനു തൂങ്ങി മരിച്ചതാകാം എന്നാണ് പൊലീസ് നിഗമനം. ഏകദേശം മരത്തിൻ്റെ പതിനഞ്ച് മീറ്ററോളം ഉയരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇത്രയും ഉയരത്തിലായതു കൊണ്ടായിരിക്കാം ആരുടെയും ശ്രദ്ധയിൽ പെടാതിരുന്നത് എന്ന് പൊലീസ് പറയുന്നു. ഭാര്യ പ്രീത .മക്കൾ പ്രിജിൻ , പ്രവീണ