ആറ്റിങ്ങൽ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലതല അവലോകന യോഗം എം.എൽ.എ ഒ.എസ്.അംബികയുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ 1 നഗരസഭയും 9 പഞ്ചായത്തുകളിലെയും അധ്യക്ഷൻമാർ ചർച്ചയിൽ പങ്കെടുത്തു. നഗരസഭാ പരിധിയിൽ അവനവഞ്ചേരി, തച്ചൂർകുന്ന്, കൊടുമൺ എന്നീ മേഖലകളിൽ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഈ ഭാഗത്തേക്ക് അധിക സമയം വെള്ളം പമ്പ് ചെയ്യാനും തീരുമാനിച്ചു. മണമ്പൂർ പഞ്ചായത്തിലെ ഭാസ്കർ കോളനിയിൽ സർക്കാർ കുടിവെള്ളം എത്താത്ത 15 കുടുംബങ്ങൾക്ക് അടിയന്തിരമായി വാട്ടർ കണക്ഷൻ നൽകി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. നിലവിൽ ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ചാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. അമിത പ്രഹരശേഷിയുള്ള ഇത്തരം യന്ത്രങ്ങളുടെ പ്രവർത്തനത്തെ അതിജീവിക്കാൻ പഴക്കമുള്ള പൈപ്പുകൾ സാധിക്കില്ല. എന്നാൽ കാലങ്ങളായി ഇവിടെ സ്ഥാപിച്ചിട്ടുള്ള ജല വിതരണ പൈപ്പുകൾ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റി സ്ഥാപിച്ച് റോഡിന്റെ നിർമ്മാണം സാധ്യമാക്കുന്നത് തുടർച്ചയായി പൈപ്പുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും അതു മൂലമുണ്ടാകുന്ന ജല വിതരണ തടസ്സം ഒഴിവാക്കാനും സാധിക്കും. അതിനുള്ള നടപടി സ്വീകരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറും. കൂടാതെ മണ്ഡലത്തിൽ കൂടുതൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഇത് സാധ്യമാവുമ്പോൾ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള വിതരണം നൂറു ശതമാനം സാധ്യമാവും. നിലവിലെ പ്രതിസന്ധികൾ ശാശ്വതമായി പരിഹരിച്ചു കൊണ്ട് ജലജീവൻ മിഷൻ പദ്ധതി 2024 ന് ഉള്ളിൽ പൂർത്തിയാക്കി മണ്ഡത്തിൽ ഉടനീളം കൂടിവെള്ളത്തിന്റെ പൂർണ ലഭ്യത ഉറപ്പു വരുത്തുമെന്നും ഒ.എസ് അംബിക അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.സജി, തദ്ദേശഭരണ സ്ഥാപന മേധാവികളും പ്രതിനിധികളും, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.