*ആറ്റിങ്ങലിന്റെ ജനപ്രിയ കൃഷി ഓഫീസർക്ക് നഗരസഭയുടെ സ്നേഹാദരം*

ആറ്റിങ്ങൽ: നഗരസഭ കൃഷിഭവൻ ഓഫീസർ വി.എൽ പ്രഭക്കാണ് കൗൺസിലിൽ ആദരം നൽകിയത്. നഗരത്തിലെ കാർഷിക മേഖലയിൽ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ കൃഷി ഓഫീസറുടെ ഇടപെടലുകൾ വളരെ വലുതായിരുന്നു. ഇദ്ദേഹം സ്ഥാനമേറ്റ ഒന്നര വർഷം കൊണ്ട് നഗരസഭ കൃഷി ഭവന്റെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ 80 ശതമാനത്തിലധികം തരിശ് രഹിത ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കാൻ സാധിച്ചു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കരനെൽ കൃഷി ഉൾപ്പടെ 25 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി നടക്കുന്നത്. വർഷങ്ങളായി നഗരത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിളകൾക്ക് ഇദ്ദേഹത്തിന്റെ ഇടപെടൽ മൂലം സുരക്ഷ ലഭ്യമാക്കിയതോടെ ഇക്കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ കൃഷി നാശം സംഭവിച്ചവരെ സർക്കാരിന്റെ നഷ്ട്ട പരിഹാരത്തിന് തികച്ചും അർഹരാക്കാൻ സാധിച്ചു. കൂടാതെ നഗത്തിലെ മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട് പദ്ധതി നിർവ്വഹണം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന്റെ അഭാവത്തിലും ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച ഉദ്യോഗസ്ഥനാണ് വി.എൽ.പ്രഭ. 

കാർഷിക കുടുംബത്തിൽ ജനിച്ച ചാത്തമ്പറ സ്വദേശിയായ ഇദ്ദേഹം സ്വന്തമായി 5 ഏക്കർ സ്ഥലത്ത് വിവിധയിനം വിളകൾ കൃഷി ചെയ്യുന്നു. 1994 മുതൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഈ ഉദ്യോഗസ്ഥന് മറ്റ് പലയിടങ്ങളിലേതും പോലെ ആറ്റിങ്ങലിലും വൻ സ്വീകാര്യത ലഭിച്ചു. ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കൃഷി ഓഫീസറെ പൊന്നാടയണിച്ച് ആദരിച്ചു. ആറ്റിങ്ങൽ നിന്നും വടക്കൻ പറവൂരിലേക്ക് സ്ഥാനം മാറ്റം ലഭിച്ച ഇദ്ദേഹത്തെ അടിയന്തിരമായി മടക്കി കൊണ്ടു വരാനുള്ള ശ്രമം നടത്തുമെന്നും വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.