വീട്ടമ്മയുടെ വാട്സ്‌ആപ്പ് ഹാക്ക് ചെയ്തു,പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം: വീട്ടമ്മയുടെ വാട്സ്‌ആപ്പ് ബംഗാള്‍ സ്വദേശി ഹാക്ക് ചെയ്തെന്ന് പരാതി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്സ്‌ആപ്പ് വിവ‌രങ്ങള്‍ ശേഖരിച്ച്‌ ബംഗാള്‍ സ്വദേശി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.ഒരാഴ്ചയായി വാട്സ്‌ആപ്പ് നിര്‍ജീവമായിരുന്നു. എന്നാല്‍ ഇതിനിടെ തന്റെ വാട്സ്‌ആപ്പ് ഉപയോഗിച്ച്‌ വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ശ്രമിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് ഇവര്‍ പരാതിയുമായി എത്തിയത്. വാട്സ്‌ആപ്പ് സന്ദേശം ലഭിച്ച പലരും ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കാര്യം അറിഞ്ഞത്. ഇതോടെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

നഷ്ടമായ വാട്സ്‌ആപ്പ് സൈബര്‍ വീണ്ടെടുക്കുകയും തുടര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മറ്റാര്‍ക്കും നല്‍കുകയോ അ‍‍ജ്ഞാത വിളികളില്‍ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.