പൊതുഗതാഗത സൗകര്യ വികസനത്തിന് വേണ്ടി കേരളവും തമിഴ്നാടും കൈകോര്‍ക്കും

തിരുവനന്തപുര: കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിന് വേണ്ടി കേരളവും, അയല്‍ സംസ്ഥാനമായ തമിഴ്നാടും കൈകോര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതല്‍ സഹരണമാവശ്യപ്പെട്ടു കൊണ്ട് തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി ആര്‍.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ വകുപ്പ് മന്ത്രി പളനി വേല്‍ ത്യാഗരാജനുമായി ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തിയ ശേഷം മന്ത്രി അറിയിച്ചതാണ് ഈ വിവരം.

സൗത്ത് ഇന്ത്യന്‍ ട്രാന്‍സ്പോര്‍ട്ട് കൗണ്‍സിലിന്റെ (SITCO) കേരളത്തില്‍ വെച്ച് നടക്കുന്ന അടുത്ത സമ്മേളനത്തിലേക്ക് തമിഴ്നാട് ഗതാഗതമന്ത്രിയെ മന്ത്രി ആന്റണി രാജു ക്ഷണിച്ചു. 2022 ഏപ്രിലില്‍ കേരളത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ 8 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. 2013 ലാണ് കേരളത്തില്‍ വെച്ച് ഇതിന് മുന്‍പ് ഈ സമ്മേളനം നടന്നത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയെ കണ്ട് യോഗത്തിലേക്ക് ക്ഷണിക്കും.
ചെന്നൈയില്‍ എത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസും ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. രണ്ട് സര്‍ക്കാരുകള്‍ക്കും ഗതാഗത കാര്യങ്ങളില്‍ പൊതുവായ വികാരമാണ് ഉള്ളതെന്നും പൊതു ഗതാഗത മേഖലയില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ആന്റണി രാജു പറഞ്ഞു. പല കേന്ദ്ര തീരുമാനങ്ങള്‍ മൂലം സംസ്ഥാനങ്ങളുടെ നികുതി കുറയാനുള്ള സാധ്യത ഉണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് മന്ത്രിമാരുമായും വിശദമായി ചര്‍ച്ച ചെയ്തു. ഭാരത് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതോട് കൂടി ഇന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനത്തില്‍ കുറവുണ്ടാകും. അത് കൊണ്ട് കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഭാരത് സീരീസ് ഇത് വരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നുള്ളത് കൊണ്ട് അത് നികത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം, നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അനധികൃത സാധനങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങള്‍ എന്താണെന്ന് അറിയാന്‍ കഴിയില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ നിയോഗിച്ച കാമത്ത് കമ്മിറ്റിയില്‍ പൊതുഗതാഗത സംവിധാനത്തെ മാത്രം ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് തിരുത്തണമെന്ന് ഇരു സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനങ്ങളിലെ പൊതുഗതാഗത സര്‍വ്വീസുകള്‍ ദേശീയ പാതയില്‍ ഭീമമായ ടോള്‍ നല്‍കേണ്ടി വരുന്നു. കേരള സര്‍ക്കാര്‍ പ്രതി മാസം 2 കോടി രൂപയും, തമിഴ്നാട് സര്‍ക്കാര്‍ പ്രതിമാസം 14 കോടി രൂപയുമാണ് ടോള്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതു ഗതാഗത വകുപ്പുകളുടെ പൊതുവിലുള്ള സാമ്പത്തിക അവസ്ഥ പരിഗണിച്ച് കൊണ്ട് പൊതുഗതാഗത സംവിധാനങ്ങളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കണമെന്നുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കും. 
ഡീസല്‍ വാഹനങ്ങളില്‍ നിന്നും, സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനത്തിലെ ബസുകള്‍ ഇതിലേക്ക് മാറ്റുമ്പോള്‍ ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകും, ഇതെങ്ങനെ പരിഹരിക്കുമെന്ന് കേന്ദ്രം ഇത് പറഞ്ഞിട്ടില്ല. ഡീസല്‍ ബസ് വാങ്ങാന്‍ 35 ലക്ഷം രൂപയാണെങ്കില്‍ ഇലക്ട്രിക് ബസ് വാങ്ങാന്‍ ഒന്നേകാല്‍ കോടി രൂപയാണ് ചിലവ്, ഇത് കൂടാതെ സിഎന്‍ജിയുടെ വില അടിക്കടി കൂടുന്നു. ഡീസലും സിഎന്‍ജിയും വലിയ വില വ്യത്യാസമില്ലാതെ വരുന്നതും ഭീമമായ തുക മുടക്കി ഇലക്ട്രിക് ബസ് വാങ്ങുമ്പോഴുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാകില്ല. എല്‍എന്‍ജിയുടെ നിരക്ക് കേന്ദ്രം ഇത് വരെ പ്രഖ്യാപിച്ചിട്ടുമില്ല. സിഎന്‍ജി, എല്‍എന്‍ജി വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന പൊതുഗതാഗത വകുപ്പിന്റെ പമ്പുകള്‍ക്ക് കേന്ദ്രം സബ്സിഡി നല്‍കണം. സിഎന്‍ജിക്കും, എല്‍എന്‍ജിക്കുമുള്ള അമിതമായ ജിഎസ്ടി പൊതുമേഖലയിലെ വാഹനങ്ങള്‍ക്ക് ഒഴിവാക്കണം.

കേരളം- തമിഴ്നാട് ചെക്ക് പോസ്റ്റുകളിള്‍ ദൈനം ദിനമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, എന്നിവരെ ചേര്‍ത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും കേരളം നിര്‍ദ്ദേശിച്ചു. തമിഴ്നാടുമായുള്ള അന്തര്‍ സംസ്ഥാന വാഹന പെര്‍മിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.  

കോവിഡ് കാരണം അടച്ചിട്ട അതിര്‍ത്തി പൊതു ഗതാഗതത്തിന് തുറന്ന് നല്‍കിയതിന് തമിഴ്നാട് മുഖ്യമന്ത്രി, എം.കെ. സ്റ്റാലിനും, മന്ത്രിമാര്‍ക്കും മന്ത്രി ആന്റണി രാജു പ്രത്യേക നന്ദി നേരിട്ട് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും പമ്പയിലേക്ക് വരുന്ന ബസുകള്‍ നേരത്തെ നിലയ്ക്കല്‍ വരെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. എന്നാല്‍ തമിഴ്നാടിന്റെ ആവശ്യപ്രകാരം പമ്പ വരെ കടത്തി വിടാനും തീരുമാനിച്ചു.

കേരളം ഉന്നയിച്ച ഗതാഗത മേഖലയിലെ വിവിധ ആവശ്യങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചര്‍‌ച്ച നടത്തി അനുകൂലമായി തീരുമാനം എടുക്കാമെന്ന് തമിഴ്നാട് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗത വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കാന്‍ കേരളം തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു. കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാര്‍ ഉണ്ടാക്കി കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.