കേടായതിനെ തുടർന്ന് പരിശോനയ്ക്കായി ടൂറിസ്റ്റ് ബസിനടിയിൽ കയറിയ ക്ലീനർക്ക് തനിയെ മുന്നോട്ടുരുണ്ട വാഹനത്തിനടയിൽ ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ ജയദേവൻ- ചെല്ലമ്മ ദമ്പതികളുടെ മകൻ അനിൽകുമാറാണ് (ബിനു-44) മരിച്ചത്.
ശനിയാഴ്ച രാത്രി 10.30ന് വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഈ സമയത്ത് 45 യാത്രക്കാരും ബസിലുണ്ടായിരുന്നു. ഡ്രൈവർ അമൽ വാഹനം നിറുത്തിയതോടെ, വൻ ദുരന്തം ഒഴിവായി. .
കൊല്ലം തഴവയിൽ നിന്നാണ് തീർത്ഥാടകരുമായി ബസ് ആഴിമലയിലെത്തിയത്. ഇവരെ ഇറക്കിയ ശേഷം ബസ് ക്ഷേത്രത്തിന് സമീപമുള്ള ഇറക്കത്തിൽ നിറുത്തിയിട്ടിരുന്നു. തീർത്ഥാടകർ മടങ്ങിയെത്തിയ ശേഷം തിരിച്ചുപോകാൻ തുടങ്ങിയപ്പോഴാണ് ബസ് സ്റ്റാർട്ടാകാതിരുന്നത്. ഇന്ധനം തീർന്നെന്ന സംശയത്തിൽ വാങ്ങി നിറച്ചു. ബസ് സ്റ്റാർട്ടായതോടെ യാത്രക്കാർ തിരിച്ചു കയറി. എന്നാൽ വീണ്ടും ഓഫായി. തുടർന്ന് അനിൽകുമാർ ബസിന്റെ മുൻവശത്ത് നിലത്ത് കിടന്ന് തകരാർ പരിശോധിക്കുന്നതിനിടയിലാണ് വാഹനം തനിയെ മുന്നോട്ടുരുണ്ടത്. ബസിനടയിൽപ്പെട്ട അനിൽകുമാർ തത്ക്ഷണം മരിച്ചു. യാത്രക്കാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചത്.