കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിറുത്തലാക്കിയതോടെ ആക്രമങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും പിടിച്ചുപറിയും വർദ്ധിക്കുന്നതായി പരാതി.
ആറ് മാസങ്ങൾക്ക് മുൻപ് രാത്രി ട്രെയിൻ കടന്നുപോകുന്ന സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ചുരുങ്ങിയ നാളത്തേക്ക് റെയിൽവേ പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും ശ്രദ്ധ ഈ സ്റ്റേഷനിൽ ഉണ്ടായിരുന്നു. പിന്നെ പൊലീസിന്റെ ശ്രദ്ധയും ഇല്ലാതായി.
ഒരാഴ്ച മുൻപ് രാത്രി പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്ന റെയിൽവേ ജീവനക്കാരിയെ ശല്യപ്പെടുത്തിയ സംഭവം വീണ്ടും ആവർത്തിച്ചു. ഉടൻതന്നെ റെയിൽവേ പൊലീസും ലോക്കൽ പൊലീസും സ്ഥലത്തെത്തി. പക്ഷേ ഇതും അല്പ ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് അനുഭവം.പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്ന സമയത്ത് യാത്രക്കാർക്കോ റെയിൽവേ ജീവനക്കാരികൾക്കോ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല.
സ്റ്റേഷൻ പരിസരത്ത് കഞ്ചാവും മദ്യവില്പനയും വ്യാപകമാണെന്നും പരാതിയുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്ന് മയക്കുമരുന്നുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ പരിസരത്തും ഒഴിഞ്ഞു കിടക്കുന്ന ചില റെയിൽവേ ക്വാർട്ടേഴ്സുകളിലുമാണ് ഇക്കൂട്ടർ തമ്പടിക്കുന്നതെന്നാണ് അറിയുന്നത്. സന്ധ്യയ്ക്ക് ശേഷം യാത്രക്കാരായ സ്ത്രീകൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്.
മുൻപ് ആക്രമങ്ങളും മോഷണവും വർദ്ധിച്ചതിനെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടപ്പോഴാണ് പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. രണ്ട് പൊലീസുകാരുടെ സേവനം എപ്പോഴും ഇവിടെ ഉണ്ടായിരുന്നു. അടിയന്തരമായി പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം