വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ലെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി അറയിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെയന്ന് സമൂഹം അറിയണം. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ചില അധ്യാപകര്‍ വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ടെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു.

47 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു.