ആറ്റിങ്ങൽ മേഖലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ, ഒരു കാലത്തെ മുഖമുദ്രയായിരുന്ന ആലംകോട് ചന്ദ്രൻ അന്തരിച്ചിട്ട് ഇന്ന് (25-11-2021) ഒരാണ്ടാകുന്നു. ആലംകോട്ട് ജനിച്ച്, ആലംകോട്ട് വളർന്ന ചന്ദ്രൻ ആലംകോട് കേന്ദ്രീകരിച്ചാണ് പൊതുപ്രവർത്തനം തുടങ്ങിയത്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മത്സ്യവ്യാപാര കേന്ദ്രമായ ആലംകോട്ട് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച്, അവർക്കൊരു മേൽവിലാസമുണ്ടാക്കി, അവരുടെ ജീവിതശൈലിക്ക് പുതിയൊരു ചൈതന്യമൊരുക്കി , അവരിലൊരാളായി അവരോട് ചേർന്ന് ജീവിച്ച് പൊതു രാഷ്ടീയ മേഖലയിൽ കരുത്ത് തെളിയിച്ച് പൊളിറ്റിക്കൽ ലീഡറായി വളർന്നതേതാവാണ് ആലംകോട് ചന്ദ്രൻ . ചന്ദ്രനിലെ പൊതുപ്രവർത്തകനെയും , നേതാവിനേയും കണ്ടെത്തി അതിനായുള്ള വഴിതെളിച്ചത് ആലംകോട്ടെ മത്സ്യവ്യാപാരരംഗത്തെ കുലപതിയായിയായിരുന്ന കെ സി മുതലാളിയായിരുന്നു. ചന്ദ്രൻ പിതൃതുല്യനായി കണ്ടിരുന്ന കെസി ചന്ദ്രന്റെ വളർച്ചക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നതും ഓർക്കേണ്ടതാണ്. 1970 കളിൽ ആറ്റിങ്ങൽ രാഷ്രീയത്തിന്റെ ഭാഗധേയം തന്നെ ചന്ദ്രനിലായിരുന്നു. താഴെത്തട്ടിൽ നിന്നും രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് കേരള രാഷ്ട്രീയത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്കുള്ള ചന്ദ്രന്റെ വളർച്ച അസൂയാവഹമായിരുന്നു. കോൺഗ്രസ്സിന്റെ മണ്ഡലം ഭാരവാഹിയായും , ബ്ലോക്ക് പ്രസിഡന്റായും, ഐ എൻ ടി യു സി യുടെ തിരുവനന്തപുരം ജില്ലയിലെ എക്കാലത്തേയും വലിയ നേതാവായുമൊക്കെ ചന്ദ്രൻ ദീർഘകാലം തന്റെ സാന്നിദ്ധ്യവും നേതൃഗുണവും വിളിച്ചറിയിച്ചിരുന്നു. lNTUC എന്ന തൊഴിലാളി സംഘടയുടെ വളർച്ചക്കുള്ള ക്രെഡിറ്റ് ചിറയിൻകീഴ് താലൂക്കിൽ ആലംകോട് ചന്ദ്രന് മാത്രമുള്ളതാണ്. അത് ചന്ദ്രന് മാത്രം അവകാശപ്പെട്ടത് തന്നെയാണ്. ചന്ദ്രന്റെ രാഷ്ട്രീയജീവിതത്തിൽ ചന്ദ്രൻ തന്നെ സ്ഥപ്തനായിപ്പോയ ഒരു സംഭവമുണ്ടായിട്ടുണ്ട് -- കെ പി സി സി യുടെ സംഘടനാ തിരഞ്ഞെടുപ്പിൽ , അതികായനായ വക്കം പുരുഷോത്തമനെ ചിറയിൻകീഴിൽ തോൽപിച്ചു ചരിത്രം സൃഷ്ടിച്ചു. KPCC അംഗം എന്ന നിലയിൽ ചന്ദ്രൻ തന്റെ സംഘടനാപാടവം കോൺഗ്രസ്സിന്റെ സംസ്ഥാന നേതാക്കളെ ബോദ്ധ്യപ്പെടുത്തിയിരുന്നതിന്റെ തെളിവായിരുന്നു എകെ ആന്റണി, ഉമ്മൻചാണ്ടി, പി സി ചാക്കോ , വക്കംപുരുഷോത്തമൻ ,എം.എം ഹസ്സൻ എന്നിവർ ഉൾപ്പെടെയുള്ള വൻനേതാക്കളുമായി ചന്ദ്രനുള്ള ബന്ധവും അടുപ്പവും . ദേശീയപാതവഴി പോകുന്ന വലിയ നേതാക്കളുടെ ഇടത്താവളമായിരുന്നു ചന്ദ്രന്റെ വീട് . എകെ ആന്റണിയും, പി സി ചാക്കോയുമൊക്കെ മുന്നറിയിപ്പ്പോലും ഇല്ലാതെ ചന്ദ്രന്റെ വീട്ടിലെത്തുന്നത് ആലംകോടിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.. അങ്ങനെയായിരുന്നു ചന്ദ്രൻ . അതായിരുന്നു ആലംകോട്ചന്ദ്രൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ ഒരു കാലഘട്ടത്തിൽ . ശാരീരികമായ അസ്വസ്ഥതകളെത്തുടർന്ന് സജീവരാഷ്ട്രീയം നിർത്തുന്നതുവരെയും ആലംകോട്ചന്ദ്രൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോരാളിയായ തേരാളിതന്നെയായിരുന്നു...........