പക്ഷിപ്പനി :കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് തുടരുന്നു

 പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ  താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കെ വളർത്തുപക്ഷകളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതോടെ രോഗം വ്യാപിച്ചിട്ടുണ്ട്. നെടുമുടി പഞ്ചായത്തില്‍മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്.