കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം മണര്‍കാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെ ഇവര്‍ വീട്ടിനുള്ളില്‍ വച്ച് വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനെയും കൊണ്ട് വീടുവിട്ടത്.
സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇവരെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതിനിടെ ഇവര്‍ കോട്ടയം ടൗണില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ ഉണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചു. എന്നാല്‍ അവിടെ നിന്നൊന്നും റോസന്നയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനു പിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണര്‍കാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കള്‍ക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. സിജിയെ വെട്ടേറ്റ നിലയില്‍ വീട്ടില്‍ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയല്‍വാസികള്‍ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവര്‍ മകനൊപ്പം വീടുവിട്ടു ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരൂ. വൈകാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇവരുടെ മനോനില പരിശോധിക്കും.