ആറ്റിങ്ങൽ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൂർണമായും വെട്ടിപ്പൊളിച്ച ഒരു കിലോമീറ്ററോളം റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി ഇല്ല. ജനവാസ മേഖലയിൽ കൂടി കടന്നുപോകുന്ന റോഡിനെ വിദ്യാർഥികളടക്കം നിരവധി പേരാണ് ദിനവും ആശ്രയിക്കുന്നത്. ആറ്റിങ്ങൽ നഗരസഭ ഒൻപതാം വാർഡിലെ പൈപ്പ് ലൈൻ റോഡിനാണ് ദുർഗതി.
വാമനപുരം നദീതീരത്തെ പമ്പ് ഹൗസിൽ നിന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായാണ് വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗമാണ് ഇവിടം. മൂന്നുമാസത്തോളം റോഡ് അടച്ചിട്ടായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചത്. തുടർന്ന് റോഡ് തുറന്നെങ്കിലും റോഡ് പുനർനിർമ്മിക്കാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. ഏഴു മാസത്തിലേറെയായി റോഡിലൂടെ കാൽനട പോലും അസാധ്യമായ നിലയിലാണ്. പരവൂർകോണം എൽപിഎസ് അവനവഞ്ചേരി ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡാണിത്. മാത്രമല്ല വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകാനും നിരവധി പേരാണ് ഈ റോഡിനെ ആശ്രയിച്ചിരുന്നത്.ഒരു അത്യാഹിതം സംഭവിച്ചാൽ ഒരു വാഹനം പോലും ചെല്ലാൻ കഴിയാത്ത അവസ്ഥയിലാണ് റോഡ്. വെഞ്ഞാറമൂട് റോഡിനെയും അയിലം റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിനെ നിരവധി വാഹനങ്ങളും ആശ്രയിച്ചിരുന്നു. തുടർച്ചയായി മഴ പെയ്തതോടെ റോഡിൽ മെറ്റലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം നിരവധി അപകടങ്ങൾ പതിവാണ്, കാൽനടയാത്രക്കാർ പോലും വലിയ ദുരിതത്തിലാണ്. മഴ മാറിയാൽ റോഡ് പണി ആരംഭിക്കുമെന്ന പതിവ് പല്ലവിയിൽ തന്നെയാണ് വാട്ടർ അതോറിറ്റി അധികാരികൾ. നിരന്തരമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുപോലും ബോധപൂർവ്വം അധികാരികൾ ചെയ്യില്ല എന്ന മട്ടിലാണ്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് യുവജന സംഘടനകളും നാട്ടുകാരും .