പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ ഷെഡിൽക്കട വാർഡിലെ പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെട്ട നിർദ്ധനയായ വീട്ടമ്മയെയാണ് പഞ്ചായത്ത് അധികൃതർ പറ്റിച്ചതായിട്ടാണ് ആക്ഷേപം.മുതു കുറിഞ്ഞി ചരുവിള പുത്തൻ വീട്ടിൽ ടി സുമതിയാണ് പരാതിയും ആക്ഷേപവുമായി രംഗത്ത് എത്തിയത് .2019 -20 വാർഷിക പദ്ധതിയിൽ കിണർ മെയിൻറെനസ് (കിണർ കഴുത്ത് കെട്ട് )എന്ന പദ്ധതി ഉണ്ടായിരുന്നുവത്രെ .പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പദ്ധതിയിൽ സുമതി അപേക്ഷിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു.അനുവദിച്ച വിവരം അറിയിച്ചു കൊണ്ടും ഹാജരാക്കേണ്ട രേഖകൾ നിർദേശിച്ചും ,ലഭിക്കുന്ന തുക 6000 ആണെന്ന് കാണിച്ചും സുമതിക്ക് പഞ്ചായത്തിൽ നിന്നും നിർവഹണ ഉദ്യോഗസ്ഥൻ കത്തയക്കുകയും ചെയ്തു.അതനുസരിച്ച് രേഖകൾ ഹാജരാക്കി കിണർ വൃത്തിയാക്കാൻ അനുമതി വാങ്ങി . കടം വാങ്ങിയും മറ്റും കാര്യമായി തന്നെ കിണർ വൃത്തിയാക്കി .സുമതിക്ക് പതിനായിരം രൂപയിലധികം ചെലവായി .എന്നാൽ പഞ്ചായത്തിൽ നിന്നും 4000 രൂപ മാത്രമെ നൽകിയുള്ളു എന്നാണ് സുമതിയുടെ പരാതിയും ആക്ഷേപവും . ബാങ്കിൽ വന്ന തുക ഇതുവരെയും സുമതി എടുത്തതുമില്ല .പല പ്രാവശ്യം ബാക്കി തുകക്കായി പഞ്ചായത്തിൽ കയറി ഇറങ്ങിയെങ്കിലും ആരും മറുപടി പറയുന്നില്ലത്രെ . ബാക്കി തുക ആരെങ്കിലും തട്ടിച്ചെടുത്തതാണോ എന്നറിയണമെന്നും ,ബാക്കി തുക കിട്ടണമെന്നുമാണ് സുമതിയുടെ ആവശ്യം .