*ഒമൈക്രോണ്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്.*

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്.

ഫെബ്രുവരി മൂന്നിന് ഒമൈക്രോണ്‍ വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നും കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ ലോകത്തെ ഒമൈക്രോണ്‍ വ്യാപനത്തിന്റെ ട്രെന്‍ഡ് അനുസരിച്ച്‌, ഇന്ത്യയില്‍ മൂന്നാം കോവിഡ് തരംഗത്തിന് ഡിസംബര്‍ പകുതിയോടെ തുടക്കമായി. ഫെബ്രുവരി ആദ്യത്തോടെ ഇത് ഉച്ഛസ്ഥായിയിലെത്തും. ഐഐടി കാണ്‍പൂരിലെ ഗവേഷകരായ സബര പര്‍ഷജ് രാജേഷ്ഭായി, സുബ്രശങ്കര്‍ ധര്‍, ശലഭ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഡിസംബര്‍ 15 ന് ആരംഭിച്ച്‌ 2022 ഫെബ്രുവരി 3 ന് ഒമൈക്രോണ്‍ വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദ്യ രണ്ടു തരംഗങ്ങളും ഉണ്ടായ ശേഷം ഉയര്‍ന്ന പ്രധാനചോദ്യം മൂന്നാം തരംഗം ഉണ്ടാകുമോ എന്നായിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ നല്‍കുന്നത് മൂന്നാം തരംഗത്തിന് തുടക്കമായി എന്നാണ്.

ലോകരാജ്യങ്ങളിലെല്ലാം ഒമൈക്രോണ്‍ വ്യാപനം കുതിച്ചുയരുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഇസ്രായേല്‍, സ്‌പെയിന്‍, സാംബിയ, സിംബാബ് വെ എന്നിവിടങ്ങളിലെല്ലാം രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇതില്‍ സാംബിയ, സിംബാബ് വെ എന്നിവിടങ്ങളിലെ പ്രതിദിന രോഗബാധിതരുടെ കണക്ക് ഇന്ത്യയുടേതിന് കൂടുതല്‍ സമാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.