ആറ്റിങ്ങൽ: നഗരത്തിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ മിഷൻ ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ക്രിസ്തുമസ് ആശംസാ സന്ദേശം നഗരവാസികൾക്ക് കൈമാറിയത്. രാവിലെ 10 മണിക്ക് ആശുപത്രിയിലെത്തിയ ചെയർപേഴ്സൺ മെഡിക്കൽ ഓഫീസർ വി.റ്റി.ജയകുമാറുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ആശുപത്രി ജീവനക്കാരോടൊപ്പം വാർഡുകളിൽ കഴിയുന്ന രോഗികളെ കണ്ട് മധുരം പകർന്നു നൽകുകയും കൂട്ടിരുപ്പുകാരോട് രോഗ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പത്തോളം പേർ വാർദ്ധക്യാവസ്ഥയിൽ വിവിധ രോഗങ്ങൾ ബാധിച്ച് ഇവിടെ ചികിൽസയിൽ കഴിയുന്നു. ലളിതമായ രീതിയിൽ പുൽക്കൂട്ടിലെ ഉണ്ണിയേശുവും ആട്ടിൻ പറ്റങ്ങളും ക്രിസ്തുമസ് ട്രീയും നക്ഷത്രവും സാന്താക്ലോസിന്റെയും രൂപങ്ങൾ ഒരുക്കി വർണ്ണാഭമാക്കിയിരുന്നു ആശുപത്രി അങ്കണം. നമ്മുടെ സമൂഹത്തിൽ രോഗാതുരമായ അവസ്ഥയിലും മറ്റ് പല ബുദ്ധിമുട്ടുകൾ അനുഭവിച്ച് കഴിയുന്നവർക്കും കൂടി സന്തോഷം പകർന്നു നൽകാൻ കഴിയുന്നതാവണം ഇത്തരം ആഘോഷങ്ങളെന്നും ചെയർപേഴ്സൺ അറിയിച്ചു.