സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ആകെ ചർച്ചയാകുന്നത് ചിത്രാനന്ദമയി അമ്മ എന്ന ആൾദൈവമാണ്.

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ചിത്രാനന്ദമയി അമ്മ ഫൌണ്ടേഷൻ എന്ന പേരിൽ ബോർഡ് സ്ഥാപിച്ച് സ്വയം പ്രഖ്യാപിത ആൾദൈവമായി ഭക്തർക്ക് ദർശനം കൊടുക്കുകയാണ് ഇവർ ഇപ്പോൾ..

പുതിയ ആൾദൈവമെന്നാണ് പറയപെടുന്നതെങ്കിലും 9 വർഷമായി പലയിടത്തും ആശ്രമം സ്ഥാപിച്ച് ഭക്തജനങ്ങൾക്ക് ദർശനം കൊടുക്കുണ്ടെന്നാണ് ആൾദൈവമെന്ന് അവകാശപ്പെടുന്ന ഈ സ്ത്രീ സ്വയം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അമൃതാനന്ദമയി അമ്മയുടെ മഠവുമായി താരതമ്യപ്പെടുത്തിയാണ് ഇവരുടെ പേര് ചർച്ചയാകുന്നത്. എന്നാൽ പലരും പറയുന്നതല്ല സത്യമെന്നും ഇവിടെ നടക്കുന്നത് മറ്റൊന്നാണെന്നുമാണ് ഇവരുടെ വാദം. സമൂഹ മാധ്യമത്തിൽ ചർച്ചയായതോടെ പലരും വിളിക്കുന്നുണ്ടെന്നും ഭീഷണിപെടുത്തൽ വരെ ഉണ്ടാകുന്നുണ്ടെന്നും ഇവർ പറയുന്നു.

ഭക്ത ജനങ്ങൾക്ക് നന്മ പകർന്നു കൊടുക്കാനാണ് താൻ ഇവിടെ ഇരിക്കുന്നത്. തന്റെ നടയിൽ വരാൻ പറഞ്ഞ് താൻ ആരെയും വിളിക്കുന്നില്ലെന്നും സ്വയം പരസ്യങ്ങൾ നൽകുകയോ ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു. തന്റടുത്ത് വരുന്ന ഭക്തജങ്ങൾ അവരുടെ അനുഭവങ്ങൾ മറ്റുള്ളവരോട് പറഞ്ഞ് വീണ്ടും ആളുകൾ വരുന്നു. ആരെയും താൻ അനുകരിക്കുന്നില്ല, ഭഗവൻ തന്ന സിദ്ധിയിലൂടെയാണ് താൻ ‘അമ്മ’യായി മാറിയതെന്നും ഇവർ പറയുന്നു.

താൻ സാധാരണ ഒരു വീട്ടമ്മയായിരുന്നു. തനിക്ക് സിദ്ധിയാണ്, ഒന്നും പഠിച്ചതല്ല..ഒരു കള്ളത്തരവും കാണിച്ച് ഇവിടെ വന്നിരിക്കുന്നതല്ല, ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല. 13 വർഷം ആയുർ വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. പിന്നീട് പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ ചോറ് കൊണ്ടുപോയി വിറ്റിട്ടുണ്ട്..അത് കഴിഞ്ഞ് ഒരു ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുണ്ടെന്നും ഇവർ പറയുന്നു.ആശ്രമം സ്ഥാപിച്ചതെല്ലാം ഭക്തരുടെ സഹായത്തോടെ വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലാണ്. ഒരിടത്ത് വർഷങ്ങൾ ഉണ്ടാകും, പിന്നീട് അടുത്ത സ്ഥലം അതാണ് രീതി. പണം ഉണ്ടാക്കാനായിട്ടുള്ള മാർഗ്ഗമല്ലേ ഈ ആൾദൈവം ചമഞ്ഞുള്ള ഇരിപ്പ് എന്ന ആരോപണത്തിനും ഇവർക്ക് മറുപടിയുണ്ട്. താൻ ആരോടും കാണിക്ക ചോദിച്ച് വാങ്ങാറില്ലെന്നും ഭക്തർ തരുന്ന ഭിക്ഷയിലാണ് താൻ കഴിയുന്നത് എന്നുമാണ് ഇവർ പറയുന്നത്. പണമുണ്ടാക്കാനുള്ള വഴിയായി ഇതിനെ കണ്ടിരുന്നെങ്കിൽ ഇന്നും ഒരു വാടക വീട്ടിൽ കഴിയില്ലായിരുന്നെന്നും അവർ പറയുന്നു.
ചിത്രാനന്ദമയി ആൾദൈവമായത് വീട്ടുകാർക്കോ ബന്ധുക്കൾക്കോ ഇഷ്ടമായിട്ടില്ല. ആശ്രമത്തിലേക്ക് ധാരാളം ആളുകൾ ഇപ്പോൾ വരുന്നുണ്ടെന്ന് അവർ പറയുന്നു. അവർ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാൻ നോക്കാറില്ല. അവർ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കൾക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ടെന്നും അവർ പറയുന്നു.

സന്യാസദീക്ഷയൊന്നും ഇവർ സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ആൾദൈവങ്ങളുടെ പട്ടികയിൽ ഒരാൾ കൂടി കൂടുകയാണ്. അത്ര വലിയ സംഭവമായി കാണേണ്ടതില്ലെന്ന് നമ്മൾ വിചാരിക്കുന്നുണ്ടെങ്കിലും ചുറ്റും ഒന്ന് കണ്ണുതുറന്നു നോക്കിയാൽ കാണാം പറ്റിക്കലിന്റെയും പറ്റിക്കപ്പെടുകയും ചെയ്യുന്നതിന്റെ കഥകൾ. പക്ഷെ സമൂഹ വിപത്തായി മാറുന്ന ഇത്തരം അന്ധവിശ്വാസത്തെ എതിർക്കുന്നതിനു പകരം അവർക്കായി ആശ്രമം സ്ഥാപിച്ചുകൊടുക്കാനാണ് നമ്മുടെ കേരളത്തിൽ സാധ്യത കൂടുതലും.
ലോകത്തിന്റെ ഏത് കോണിൽ ചെന്നും അവന്റെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിവുള്ളവനാണ് മലയാളിയെന്ന് ആഭിമാനത്തോടെ പറയുമ്പോഴും നമ്മളിൽ പലരും അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ മുങ്ങിത്താണു പോവുകയാണ്. അതുകൊണ്ട് തന്നെയാണ് ‘താൻ ദൈവമാണെന്നും തനിക്ക് ദിവ്യശക്തിയുണ്ടെന്നും’ പറഞ്ഞ് ആരെങ്കിലും വന്ന് മുമ്പിൽ നിന്നാൽ അപ്പോൾ തന്നെ നമ്മളിൽ പലരും അത് വിശ്വസിക്കുകയും, അവരെ ആരാധിക്കാൻ തുടങ്ങുകയും ചെയ്യുന്നത്. മലയാളിയുടെ ഈ ബുദ്ധിശൂന്യത മുതലാക്കാനും ലാഭം കൊയ്യാനും ഒരുപാട് പേർ നമ്മുക്കുചുറ്റുമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പല സ്ഥലത്തും മുളച്ചുപൊന്തുന്ന ഇത്തരം ആൾദൈവങ്ങൾ. കൊല്ലത്ത് സ്ത്രീയുടെ പക്കൽ നിന്ന് 54 ലക്ഷം രൂപ തട്ടിയെടുത്ത മാമ്പുഴ ഭഗവതി എന്ന ആൾദൈവത്തിന്റെ കഥയും ഇതിലൊന്ന് തന്നെ.